Advertisement
Sports News
ഒറ്റ റണ്‍ കൂടി എടുക്കാമായിരുന്നു, ഇതിപ്പോള്‍ അവന്‍മാരുടെ കൂട്ടത്തില്‍ ഒറ്റപ്പെട്ട അവസ്ഥ ആയില്ലേ സിറാജേ...
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jan 11, 03:09 am
Wednesday, 11th January 2023, 8:39 am

ഇന്ത്യന്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ടാണ് ഇന്ത്യ കഴിഞ്ഞ ദിവസം നടന്ന മത്സരം വിജയിച്ചത്. ഈ വര്‍ഷം, സ്വന്തം മണ്ണില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ നേടിയ ഈ വിജയം ആരാധകര്‍ക്കും ടീമിനും നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല.

ബാറ്റര്‍മാരും ബൗളര്‍മാരും കളമറിഞ്ഞ് കളിച്ചതോടെ ഒരു ടീം എന്ന നിലയില്‍ ഇന്ത്യ ഒന്നുകൂടി ശക്തമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മികച്ച ഇന്നിങ്‌സും വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയും കെ.എല്‍. രാഹുലിന്റെ ക്ലാസ് ഇന്നിങ്‌സുമെല്ലാം ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങളെ കൂടിയാണ് ശക്തമാക്കുന്നത്.

ബാറ്റര്‍മാര്‍ കെട്ടിപ്പൊക്കിയ വമ്പന്‍ സ്‌കോറിനെ ബൗളര്‍മാര്‍ ഡിഫന്‍ഡ് ചെയ്ത് നിര്‍ത്തിയപ്പോള്‍ ഇന്ത്യ 67 റണ്‍സിന്റെ വിജയം ആഘോഷിച്ചു. ഓപ്പണര്‍മാരായി ഇറങ്ങിയ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും മുതല്‍ അവസാനം ബാറ്റേന്തിയ മുഹമ്മദ് സിറാജ് അടക്കമുള്ളവര്‍ ബാറ്റിങ്ങില്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിച്ചിരുന്നു.

രോഹിത് ശര്‍മയും ഗില്ലും തുടക്കമിട്ട വെടിക്കെട്ട് കോഹ്‌ലിയും ഏറ്റെടുത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു. ഇന്ത്യന്‍ നിരയില്‍ സിറാജ് ഒഴികെ എല്ലാവരും നൂറോ അതിലധികമോ സ്‌ട്രൈക്ക് റേറ്റിലാണ് റണ്‍സ് സ്വന്തമാക്കിയത്.

67 പന്തില്‍ നിന്നും 123.88 സ്‌ട്രൈക്ക് റേറ്റില്‍ 83 റണ്‍സ് നേടി രോഹിത് ശര്‍മയാണ് റണ്‍വേട്ടക്ക് തുടക്കമിട്ടത്. 60 പന്തില്‍ നിന്നും 116.67 സ്‌ട്രൈക്ക് റേറ്റില്‍ 70 റണ്‍സ് നേടിയ ഗില്ലും ഒട്ടും മോശമാക്കിയില്ല. ഇവര്‍ക്ക് ശേഷം വന്നവരും നൂറിന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തു.

രോഹിത് ശര്‍മ 83 (63) – 123.88

ശുഭ്മന്‍ ഗില്‍ 70 (60) – 116.67

വിരാട് കോഹ്‌ലി 113 (87) – 129.89

ശ്രേയസ് അയ്യര്‍ 28 (24) – 116.67

കെ.എല്‍. രാഹുല്‍ 39 (29) – 134.48

ഹര്‍ദിക് പാണ്ഡ്യ 14 (12) – 116.67

അക്‌സര്‍ പട്ടേല്‍ 9 (9) – 100

മുഹമ്മദ് ഷമി 4(4) – 100

മുഹമ്മദ് സിറാജ് 7 (8) – 87.50 – എന്നിങ്ങനെയാണ് കഴിഞ്ഞ മത്സരത്തിലെ ഇന്ത്യന്‍ ബാറ്റര്‍മാരുടെ സ്‌ട്രൈക്ക് റേറ്റ്. ഇതില്‍ മുഹമ്മദ് സിറാജ് മാത്രമാണ് നൂറില്‍ താഴെ സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് നേടിയത്. ഒരു റണ്‍സ് കൂടി നേടാന്‍ സാധിച്ചിരുന്നുവെങ്കില്‍ സിറാജിനും നൂറ് എന്ന സ്‌ട്രൈക്ക് റേറ്റില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നു.

ഇന്ത്യ കെട്ടിപ്പൊക്കിയ 377 റണ്‍സിന്റെ റണ്‍മല താണ്ടിയിറങ്ങിയ ലങ്കക്ക് ആ ലക്ഷ്യത്തിലേക്ക് ഓടിയടുക്കാന്‍ സാധിച്ചില്ല. വിജയലക്ഷ്യത്തിന് 67 റണ്‍സ് അകലെ ലങ്ക കാലിടറി വീണു.

സെഞ്ച്വറി തികച്ച ലങ്കന്‍ നായകന്‍ ദാസുന്‍ ഷണകയും 72 റണ്‍സ് നേടിയ ഓപ്പണര്‍ പാതും നിസങ്കയും 47 റണ്‍സ് നേടിയ ധനഞ്ജയ ഡി സില്‍വയുമാണ് ലങ്കന്‍ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്.

ഇന്ത്യക്കായി ഉമ്രാന്‍ മാലിക് മൂന്നും മുഹമ്മദ് സിറാജ് രണ്ടും മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, യൂസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ജനുവരി 12നാണ് പരമ്പരയിലെ രണ്ടാം മത്സരം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

 

Content highlight: Incredible performance by Indian batters with 100 strike rate