| Wednesday, 10th September 2014, 1:18 pm

പൊതു സ്ഥലത്ത് പുകവലിച്ചാലുള്ള പിഴ 20,000 രൂപയാക്കാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: പൊതുസ്ഥലത്ത് പുക വലിക്കുന്നതിനുള്ള പിഴ 200 രൂപയില്‍ നിന്ന് 20,000 രൂപയാക്കാന്‍ നിര്‍ദേശം. സിഗരറ്റ് വില്‍പ്പന നിരോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശവും  ഉള്‍കൊള്ളിച്ചിരിക്കുന്നത്.  റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണനയിലെടുത്തിട്ടുണ്ട്.

പുകയില നിരോധിത മുന്നറിയിപ്പു ബോര്‍ഡുകള്‍ക്കു മുന്നില്‍ പുകവലിക്കുന്നവര്‍ക്കുള്ള പിഴ 5000 രൂപയില്‍ നിന്ന് 50,000 രൂപയാക്കുന്നതിനുള്ള നിര്‍ദേശവും ഈ റിപ്പോര്‍ട്ടിലുണ്ട്.

സിഗരറ്റ് നിരോധിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഐ.ടി.സി പോലുള്ള സിഗരറ്റ് നിര്‍മാതാക്കള്‍ക്ക് ഇത് വന്‍ തിരിച്ചടിയാകും.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ദ്ധ സമിതിയാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. ദല്‍ഹി ഗവണ്‍മെന്റിലെ മുന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറിയായിരുന്ന രമേഷ് ചന്ദ്രനാണ് ഈ സമിതിയുടെ അധ്യക്ഷന്‍.

പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായ പരിധി 18 വയസില്‍ നിന്ന് 25 വയസ്സാക്കാനുള്ള നിര്‍ദേശവും ഈ റിപ്പോര്‍ട്ടിലുണ്ട്.

പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നതിനുള്ള നിയമം അംഗീകരിക്കുകയാണെങ്കില്‍ മോദി സര്‍ക്കാര്‍ എടുക്കുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ തീരുമാനമായിരിക്കും ഇത്.

സര്‍ക്കാരിന്റെ ശീതകാല സമ്മേളനത്തിലായിരിക്കും ഈ നിര്‍ദേശം പാര്‍ലമെന്റില്‍ വയ്ക്കുക.

പുകയില ഉപയോഗിക്കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് സര്‍ക്കാറിന്റെ മുഖ്യ അജണ്ടയാണെന്ന് മോദി പറഞ്ഞു. “ലോക പുകയില വിരുദ്ധ ദിനത്തില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അവരെ ബോധ്യവാന്മാരാക്കാമെന്നും പുകയില ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കാമെന്നും” മോദി ട്വീറ്റ് ചെയ്തു.

Latest Stories

We use cookies to give you the best possible experience. Learn more