| Monday, 5th September 2022, 12:47 pm

സംസ്ഥാനത്തെ വര്‍ധിക്കുന്ന തെരുവുനായ ആക്രമണം; ഹരജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഈ വെള്ളിയാഴ്ച പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ്, നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കാന്‍ തീരുമാനിച്ചത്. സുപ്രീം കോടതിയുടെ പരിഗണനയില്‍ നേരത്തെയുള്ള കേസില്‍ കേരളത്തിലെ നിലവിലത്തെ സാഹചര്യം ഹരജിക്കാരന്‍ അറിയിക്കുകയായിരുന്നു.

പേവിഷബാധക്ക് എതിരെയുള്ള വാക്‌സിന്‍ എടുത്തിട്ടും 12 വയസുകാരി മരിച്ചത് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഓഗസ്റ്റ് മാസത്തില്‍ മാത്രം കേരളത്തില്‍ 8 പേര്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചതായി ഹരജിക്കാരനായ സാബു സ്റ്റീഫന്റെ അഭിഭാഷകന്‍ വി.കെ. ബിജു സുപ്രീം കോടതിയെ അറിയിച്ചു.

ഇതില്‍ രണ്ട് പേര്‍ പ്രതിരോധ വാക്‌സിന്‍ എടുത്തവരാണ്. പ്രതിരോധ വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ ഒരു സമിതിയെ രൂപവത്കരിച്ചിട്ടുണ്ട്. എന്നാല്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഇപ്പോഴും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നുവെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹരജി അടിയന്തരമായി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.

ഈ വിഷയത്തില്‍ ജസ്റ്റിസ് സിരിജഗന്‍ നേരത്തെ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെകുറിച്ചുള്ള ശിപാര്‍ശ നല്‍കാന്‍ ഈ കമ്മീഷനോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മിക്ക ജില്ലകളിലും നായകളെ വന്ധ്യംകരിക്കാനായി പിടികൂടി എത്തിച്ചുകൊടുക്കുന്ന ചുമതല കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കുടുംബശ്രീക്കുള്ള യോഗ്യത ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് കോടതി കുടുംബശ്രീകളെ വന്ധ്യംകരണത്തില്‍ നിന്ന് വിലക്കി.

വന്ധ്യംകരണത്തിന് രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഒരു കേന്ദ്രം വേണമെന്നാണ് കണക്ക്. എന്നാല്‍ സംസ്ഥാനത്ത് ആകെയുള്ളത് വെറും എട്ട് കേന്ദ്രങ്ങള്‍. ഇവയില്‍ പലതും മാസങ്ങളായി പ്രവര്‍ത്തിക്കുന്നുമില്ല. കണ്ണൂര്‍ ജില്ലയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ അവസാനമായി നടന്നത് ഫെബ്രുവരി മാസത്തിലാണ്. നിലവില്‍ ശസ്ത്രക്രിയക്കുള്ള സൗകര്യമില്ല.

തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനായി ജില്ലാ പഞ്ചായത്തുകള്‍ക്ക് ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും നടപടികള്‍ എങ്ങും എത്തിയിട്ടില്ല. നായ്ക്കളെ വന്ധ്യംകരിക്കാനും തുടര്‍ചികിത്സയ്ക്കുമുളള ചെലവ് കണ്ടെത്തുന്നതാണ് പ്രതിസന്ധി. തിരുവനന്തപുരത്തും കോഴിക്കോടും ഒഴികെ മിക്ക നഗരങ്ങളിലും എ.ബി.സി(അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) സെന്റര്‍ പുതുതായി തുടങ്ങേണ്ടി വരും.

Content Highlight: Increasing Street Dog Menance in the state; The Supreme Court will consider the plea on Friday

We use cookies to give you the best possible experience. Learn more