00:00 | 00:00
ആന കൊല്ലുന്ന മനുഷ്യര്‍ക്ക് വിലയില്ലേ | Special Report
ഷഫീഖ് താമരശ്ശേരി
2021 Oct 26, 10:39 am
2021 Oct 26, 10:39 am

കാട്ടാനയുടെ ആക്രമണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കാത്ത ഒരു ദിവസവും ഇന്ന് അട്ടപ്പാടിക്കില്ല. വ്യാപകമായ കൃഷിനാശമായിരുന്നു മുന്‍കാലങ്ങളില്‍ കാട്ടാനകള്‍ കാരണം സംഭവിച്ചിരുന്നതെങ്കില്‍ ഇന്ന് തുടര്‍ച്ചയായി മനുഷ്യര്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഭീതിയുടെ നിഴലിലാണ് മിക്ക ഗ്രാമങ്ങളും.

വൈകീട്ട് അറുമണിയോടെ അടയ്ക്കപ്പെടുന്ന റോഡുകള്‍, രാത്രിയായാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങാമന്‍ കഴിയാത്ത ഊരുകള്‍, കാടിറങ്ങി വരുന്ന കാട്ടാനകള്‍ കൂട്ടമായി വന്ന് വിളകള്‍ പിഴുതെറിയുമ്പോള്‍ നോക്കി നില്‍ക്കേണ്ടി വരുന്ന കര്‍ഷകര്‍, നേരമിരുട്ടിയാല്‍ ഭയപ്പെടുന്ന പഠനം കഴിഞ്ഞും ജോലി കഴിഞ്ഞും വീട്ടിലേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍, തെഴിലാളികള്‍, വനമേഖലയോട് ചേര്‍ന്നുള്ള വീടും പറമ്പും വിട്ടൊഴിഞ്ഞ് മലയിറങ്ങുന്ന കുടുംബങ്ങള്‍. വര്‍ധിച്ചുവരുന്ന ആനശല്യം അട്ടപ്പാടിയുടെ ഉള്‍ഗ്രാമങ്ങളുടെ സാമൂഹിക സാഹചര്യങ്ങളെ അടിമുടി അട്ടിമറിച്ചിരിക്കുകയാണ്.

പതിറ്റാണ്ടുകളായി അട്ടപ്പാടിയുടെ ഉള്‍ഗ്രാമങ്ങളില്‍ ജീവിക്കുന്ന സാധാരണക്കാരായ അനേകം കുടുംബങ്ങളുണ്ട്. കാട്ടില്‍ ആനയുണ്ടായിരുന്നുവെങ്കിലും മുന്‍കാലങ്ങളില്‍ അത് തങ്ങളെ ശല്യം ചെയ്തിരുന്നില്ല എന്നാണ് ഈ കുടുംബങ്ങള്‍ പറയുന്നത്. എന്നാലിപ്പോള്‍ തമിഴ്‌നാട് ഭാഗത്ത് നിന്നുള്ള ആനകള്‍ കൂട്ടമായി അട്ടപ്പാടി വനമേഖലയില്‍ എത്തിയതിന് ശേഷമാണ് രൂക്ഷമായ കാട്ടാന ശല്യമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍