| Tuesday, 30th June 2020, 6:48 pm

പൊലീസ് മൂന്നാംമുറയിലെ മുളകുപൊടിയും മൂത്രവും സൂചിയും; ദിവസവും 5 പേര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെടുന്ന രാജ്യം

ഷഫീഖ് താമരശ്ശേരി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നടന്ന അതിക്രൂരമായ രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസുകാര്‍ കൊലപാതകികളാകുന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് പരിശോധിക്കുകയാണിവിടെ.

തൂത്തുക്കുടിയില്‍ കൊല്ലപ്പെട്ടത് ഒരു അച്ഛനും മകനുമാണ്. കൊന്നത് അവിടുത്തെ പൊലീസുകാരാണ്. പൊലീസ് ലോക്കപ്പില്‍ അതിക്രൂരമായ മര്‍ദനങ്ങള്‍ക്കിരയായി ആന്തരികാവയവങ്ങള്‍ തകര്‍ന്ന് അസ്ഥികള്‍ നുറുങ്ങി ചോരവാര്‍ന്ന് മരിച്ച ആ പിതാവും പുത്രനും ചെയ്ത ‘മഹാപാപം’ ലോക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി എട്ടുമണിക്ക് കട അടയ്‌ക്കേണ്ടത് 10 മിനിറ്റ് വൈകി എന്നതാണ്.

കഴിഞ്ഞ ജൂണ്‍ 19 നാണ് സംഭവങ്ങളുടെ തുടക്കം. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും കടയടച്ചില്ല എന്നാരോപിച്ച് ജയരാജന്‍ എന്ന 59 വയസ്സുള്ള വ്യാപാരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വിവരമറിഞ്ഞ് തൂത്തുക്കുടിയിലെ സാന്തകുളം പൊലീസ് സ്റ്റേഷനിലെത്തിയ ജയരാജന്റെ മകന്‍ ഫെനിക്‌സ് കണ്ടത് അച്ഛനെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്ന കാഴ്ചയാണ്. അയാള്‍ പൊലീസിനെ തടയുകയും അവര്‍ക്ക് നേരെ ശബ്ദമുയര്‍ത്തുകയും ചെയ്തു. അതോടെ 31 കാരനായ ഫെനിക്‌സിനെയും പൊലീസ് കസ്റ്റഡിയില്‍ വെച്ചു. പിന്നീടിരുവരും നേരിടേണ്ടി വന്നത് അതിക്രൂരമായ തുടര്‍മര്‍ദനങ്ങളാണ്.

ഇരുവരെയും പൂര്‍ണ നഗ്‌നരാക്കി, കാല്‍മുട്ടുകള്‍ അടിച്ചു തകര്‍ത്തു, രഹസ്യഭാഗങ്ങളില്‍ ലാത്തിയും കമ്പിയും കയറ്റി, ആന്തരികാവയവങ്ങളില്‍ അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടായിട്ടും വൈദ്യസഹായം നല്‍കാന്‍ പോലും പൊലീസ് തയ്യാറായില്ല.

രണ്ട് ദിവസത്തെ തുടര്‍ച്ചയായ കസ്റ്റഡി മര്‍ദനത്തിന് ശേഷം ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയെങ്കിലും മജിസ്‌ട്രേറ്റ് ബി. ശരവണന്‍ ഇരുവരെയും നേരിട്ട് കാണാതെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും റിമാന്‍ഡ് ചെയ്യാനുള്ള ഉത്തരവിടുകയായിരുന്നു.

ദേഹപരിശോധനയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തുടര്‍ച്ചയായി സംഭവിച്ച രക്തസ്രാവം കാരണം ജയരാജന്റെയും ഫെനിക്‌സിന്റെയും വസ്ത്രങ്ങള്‍ പല തവണ മാറ്റേണ്ടി വന്നു എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.

ഇരുവരെയും പിന്നീട് കൊവില്‍പ്പെട്ടി സബ്ജയിലിലേക്ക് മാറ്റുകയുണ്ടായി. ശരീരത്തിന് സംഭവിച്ച ഗുരുതരമായ പരിക്കുകള്‍ കാരണം കടുത്ത അസ്വസ്ഥതകള്‍ നേരിട്ട ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് രണ്ട് പേരും മരണപ്പെടുകയാണുണ്ടായത്.

ജയിലില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ഇരുവരും പൂര്‍ണമായും അവശരായിരുന്നുവെന്നാണ് ജയിലധികൃതര്‍ പറഞ്ഞത്.  പോലീസ് സ്‌റ്റേഷനില്‍ ഇരുവരെയും കിടത്തിയിരുന്നയിടം ചോരക്കളമായിരുന്നുവെന്നും അവരെ ആശുപത്രിയില്‍ കൊണ്ടുപോയ വാഹനത്തില്‍ നിറയെ ഇപ്പോഴും രക്തമാണെന്നും, ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്ന് ഫെനിക്‌സിന്റെ ശരീരത്തില്‍ നിന്നും മാംസഭാഗങ്ങള്‍ അടര്‍ന്നിരിക്കുകയായിരുന്നുവെന്നുമാണ് ദൃസാക്ഷിയും അഭിഭാഷകനുമായ അഡ്വ. എസ് മണിരാമന്‍ പറയുന്നത്.

”ഇതൊരു ഇരട്ടക്കൊലപാതകമാണ്. അതിക്രൂരമായാണ് എന്റെ അച്ഛനും സഹോദരനും പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ഒരു സ്ത്രീയെന്ന നിലയില്‍ ഈ കുറ്റകൃത്യം വിവരിക്കാന്‍ പോലും ഞാന്‍ അശക്തയാണ്. ഉത്തരവാദികളായ പൊലീസ്സുകാര്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി നടപടിയെടുക്കാതെ പ്രതിഷേധത്തില്‍ നിന്ന് ഒരല്‍പം പോലും പിന്നോട്ടുപോകില്ല.” ജയരാജന്റെ മകളും ഫെനിക്‌സിന്റെ സഹോദരിയുമായ പെര്‍സിസ് പറഞ്ഞ വാക്കുകളാണിത്.

തമിഴ്‌നാട്ടിലെ പ്രതിപക്ഷവും സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖരുമെല്ലാം ജയരാജനും ഫെനിക്‌സിനും നീതി ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. മിക്കയിടങ്ങളിലും പ്രതിഷേധങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. എന്നിട്ടും കൃത്യം നടത്തിയ പൊലീസുകാര്‍ക്കെതിരെ കേസ്സെടുക്കാന്‍ തമിഴ്‌നാട് ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല.

നിരപരാധികളായ ഒരച്ഛനും മകനും ഇത്രമേല്‍ മനുഷ്യത്വവിരുദ്ധമായ രീതിയില്‍ നിയമപാലകരാല്‍ കൊലചെയ്യപ്പെട്ടിട്ടും ഈ വാര്‍ത്ത ഒരു ഞെട്ടലായി രാജ്യം ഇനിയും സ്വീകരിച്ചിട്ടില്ല. ചോരയില്‍ നിറഞ്ഞ അവരുടെ വസ്ത്രങ്ങള്‍ രാജ്യത്ത് വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കാത്തതിന് ചില കാരണങ്ങളുണ്ട്. പൊലീസ് കസ്റ്റഡിയിലിരിക്കെ മര്‍ദനത്തില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നത് നമ്മുടെ നാട്ടില്‍ ഒരു പുതിയ കാര്യമല്ലാതായിരിക്കുന്നു. അത്രമാത്രം കസ്റ്റഡി കൊലപാതകങ്ങളാണ് രാജ്യത്ത് ഓരോ സംസ്ഥാനങ്ങളിലും വര്‍ഷം തോറും നടന്നുകൊണ്ടിരിക്കുന്നത്.

നാഷണല്‍ ക്യാംപയിന്‍ എഗയിന്‍സ്റ്റ് ടോര്‍ച്ചര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2019 ല്‍ മാത്രം ഇന്ത്യയില്‍ നടന്നത് 1731 കസ്റ്റഡി മരണങ്ങളാണ്. ഇതുപ്രകാരം ഇന്ത്യയില്‍ ശരാശരി അഞ്ച് കസ്റ്റഡി മരണം ദിവസവും നടക്കുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നത്. തൊട്ടുപിറകില്‍ തമിഴ്‌നാട്, പഞ്ചാബ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളും.

നാഷണല്‍ ക്യാംപയിന്‍ എഗയിന്‍സ്റ്റ് ടോര്‍ച്ചറിന്‌റെ ഡയറക്ടര്‍ പരിതോഷ് ചക്മയുടെ വാക്കുകള്‍ പ്രകാരം ശരീരത്തില്‍ ആണി തറയ്ക്കല്‍, വൈദ്യുതാഘാതമേല്‍പ്പിക്കല്‍, തീ കൊണ്ട് പൊള്ളിക്കല്‍, ഉരുട്ടല്‍, കാല്‍പാദങ്ങളില്‍ ലാത്തികൊണ്ടുള്ള അടി, കാല്‍മുട്ടുകള്‍ എതിര്‍ഭാഗത്തേക്ക് മടക്കല്‍, സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേയ്ക്കല്‍ മുറിവേല്‍പ്പിക്കല്‍, മുഖത്ത് മൂത്രമൊഴിക്കല്‍, വിരലുകളില്‍ സൂചി കയറ്റല്‍, തല കീഴായി കെട്ടിത്തൂക്കല്‍ തുടങ്ങി അതിഭീകരമായ മൂന്നാംമുറകളാണ് ഇന്ത്യയിലെ പൊലീസ് ലോക്കപ്പുകളില്‍ ഇപ്പോഴും അരങ്ങേറുന്നത്. ലോകം ഇന്നെത്തിനില്‍ക്കുന്ന എല്ലാവിധ മനുഷ്യാവകാശ സങ്കല്‍പ്പങ്ങളെയും വെല്ലുവിളിക്കുന്ന പ്രവര്‍ത്തനമാണ് ഇന്ത്യയിലെ പോലീസ് സംവിധാനങ്ങള്‍ ഇപ്പോഴും നടത്തിവരുന്നത് എന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു.

2019 ല്‍ ഇത്തരത്തില്‍ കസ്റ്റഡി മര്‍ദനങ്ങള്‍ക്കിരയായി മരണപ്പെട്ടവരില്‍ 60 ശതമാനത്തിലധികവും ദരിദ്രരും ദളിത് ആദിവാസി മുസ്ലിം വിഭാഗങ്ങളില്‍പ്പെട്ട ന്യൂനപക്ഷങ്ങളുമാണ് എന്നാണ് നാഷണല്‍ ക്യാംപയിന്‍ എഗയിന്‍സ്റ്റ് ടോര്‍ച്ചറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അണിഞ്ഞിരിക്കുന്ന കാക്കിയുടെ ബലത്തില്‍ സാധാരണക്കാരായ മനുഷ്യരുടെ പ്രാണനെടുക്കാനുള്ള അധികാരം ആരാണീ പൊലീസിന് നല്‍കുന്നത്. എന്തുകൊണ്ടാണ് പൊലീസുകാര്‍ പ്രതികളാവുന്ന ഇത്തരം കേസ്സുകളില്‍ മാതൃകാപരമായ അന്വേഷണമോ ശിക്ഷാ നടപടിയോ ഒരിക്കല്‍ പോലുമുണ്ടാവാത്തത്. നിരാലംബരായ മനുഷ്യരുടെ നിലവിളികള്‍ക്കും പിടയലുകള്‍ക്കും ഇടമാകാന്‍ ഈ ലോക്കപ്പുകളെ ഇനിയും ഇങ്ങനെ നാം വിട്ടുകൊടുക്കേണ്ടതുണ്ടോ. ജനാധിപത്യ രാജ്യം ഗൗരവമായി തന്നെ ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

ഭരണകൂടദാസ്യത്തിലൂടെ തങ്ങള്‍ സൃഷ്ടിച്ചെടുത്ത കൃത്രിമവും വിശാലവുമായ ഒരു വിഹാരലോകത്തിരുന്ന് തങ്ങള്‍ തന്നെയാണ് നീതിയും നിയമവുമെന്ന് വരുത്തിത്തീര്‍ക്കുന്ന ഈ പോലീസ് സേന ഒരു ജനാധിപത്യരാജ്യത്തിന്റെ സകല ഭരണഘടനാ മൂല്യങ്ങളേയും കാറ്റില്‍ പറത്തുകയാണ്.

പൗരന്റെ സുരക്ഷിതത്വവും സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഭരണഘടനാപരമായ ബാധ്യതകളുള്ള പൊലീസ് എന്ന സംവിധാനത്തെ അതിന്റെ നേര്‍ വിപരീതാവസ്ഥകളില്‍ മാത്രം കണ്ടുശീലിക്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. ജനകീയവും ജനസൗഹൃദപരവുമായ ഒരു പൊലീസ് സംവിധാനത്തെ സാക്ഷാത്കരിക്കുക എന്നത് ജനാധിപത്യ ഭരണകൂടങ്ങളുടെ അടിസ്ഥാന കടമകളിലൊന്നായിട്ടും, അധികാര താത്പര്യങ്ങളെ സാധിച്ചെടുക്കാനും അവ നിലനിര്‍ത്താനുമുള്ള ഒരു മര്‍ദനോപാധി എന്നതിനപ്പുറം പൊലീസ് സേനയെ നമ്മുടെ ഭരണകൂടങ്ങള്‍ വിനിയോഗിച്ചതായുള്ള ചരിത്രം ഇവിടെ ഇല്ലാതെ പോയത് തന്നെയാണ് പൊലീസ് എന്ന സംവിധാനം ഇപ്പോഴും ഇത്രമേല്‍ മനുഷ്യത്വവിരുദ്ധമായി തുടരുന്നതിന് കാരണം.

അധീശത്വ/വിധേയത്വ ബന്ധങ്ങള്‍ പ്രബലമായി നില്‍ക്കുന്ന നമ്മുടേത് പോലുള്ള ഒരു യാഥാസ്ഥിതിക സമൂഹത്തില്‍, പ്രബലമായ ജാതി, മതം, ലിംഗവിഭാഗം, സാമ്പത്തിക വര്‍ഗം, പാര്‍ട്ടി എന്നീ ഗണങ്ങളില്‍പ്പെടുന്നവരോട് ഇതിനുപുറത്തുള്ളവര്‍ നിരന്തരം വിട്ടുവീഴ്ച ചെയ്തും വിധേയപ്പെട്ടും അനീതികള്‍ നിശ്ശബ്ദം സഹിച്ചും ജീവിക്കേണ്ടി വരുന്ന ഒരു അലിഖിത വ്യവസ്ഥ ശക്തമായി നില്‍ക്കുന്നുണ്ട്. ഇത്തരമൊരു അലിഖിത വ്യവസ്ഥയെ കൃത്യമായി സംരക്ഷിച്ചും അതിന്റെ പരിണിത ഫലങ്ങളെ മൂര്‍ച്ഛിപ്പിച്ചുകൊണ്ടും പ്രവര്‍ത്തിക്കുന്ന ഒരു പൊലീസ് കൂടിയാകുമ്പോള്‍ അവിടെ ജനാധിപത്യം പൂര്‍ണമായും കശാപ്പ് ചെയ്യപ്പെടുകയാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും വരേണ്യതയുടെയും ദല്ലാളുകളായി മാത്രം പ്രവര്‍ത്തിക്കുന്ന ഈ പൊലീസ് സേനയുടെ അധികാരമുഷ്‌കില്‍ നീതിയുടെ കാവല്‍ നിലമാകേണ്ടിയിരുന്ന നമ്മുടെ പൊലീസ് സ്റ്റേഷനുകള്‍ സാധാരണക്കാരുടെ ചാവുനിലമാകുന്നതിനെ ചെറുക്കാന്‍ ഈ ജനാധിപത്യ സമൂഹത്തിന് ബാധ്യതയുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more