ലോകത്ത് കുട്ടികള്‍ സുരക്ഷിതരല്ല; യുദ്ധം മൂലം അഞ്ച് വര്‍ഷത്തിനിടെ മരിച്ചത് 8 ലക്ഷം കുട്ടികള്‍: റിപ്പോര്‍ട്ട്
World News
ലോകത്ത് കുട്ടികള്‍ സുരക്ഷിതരല്ല; യുദ്ധം മൂലം അഞ്ച് വര്‍ഷത്തിനിടെ മരിച്ചത് 8 ലക്ഷം കുട്ടികള്‍: റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th February 2019, 5:46 pm

മ്യൂണിക്ക്: യുദ്ധങ്ങളും കലാപങ്ങളും വര്‍ധിക്കുമ്പോള്‍ കൂടുതല്‍ ഇരകളാകുന്നത് കുട്ടികളാണെന്ന് റിപ്പോര്‍ട്ട്. യുദ്ധവും സംഘര്‍ഷവും കാരണം ഒരു വര്‍ഷം ഒരു ലക്ഷം കുട്ടികള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ മരിക്കുന്നതായാണ് കണക്കുകള്‍. വിശപ്പ്, ശുശ്രൂഷയുടെ ലഭ്യതക്കുറവ്, എന്നിവയാണ് മരണത്തിനിടയാക്കുന്ന പ്രധാന കാരണങ്ങള്‍. മ്യൂണിക്ക് സെക്യൂരിറ്റി കൗണ്‍സിലില്‍ ചാരിറ്റി എന്ന സംഘടന സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്
വിശദീകരണം.

2013നും 2017നുമിടയ്ക്ക് 10 രാജ്യങ്ങളില്‍ മാത്രം 5,50,000 കുട്ടികളാണ് മരിച്ചത്. യുദ്ധമാണ് കുട്ടികളുടെ ജീവിതം പ്രധാനമായും ദുസ്സഹമാക്കുന്നത്. യുദ്ധം രാജ്യത്തെ ദാരിദ്രത്തിലേക്ക് തള്ളിവിടുമെന്ന് മാത്രമല്ല ആരോഗ്യസംരക്ഷണം ഒരുക്കുന്നതിനും സാധിക്കാതെ വരുന്നു. ഇത് പ്രധാനമായും ബാധിക്കുക കുട്ടികളെയാണെന്നാണ് സേവ് ദ ചില്‍ഡ്രനിന്റെ റിപ്പോര്‍ട്ട് പറയുന്നത്. യുദ്ധങ്ങളിലൂടെ കുട്ടികള്‍ക്ക് വിശപ്പും ആരോഗ്യപ്രശ്‌നങ്ങളും മാത്രമല്ല ലൈംഗികാതിക്രമണവും നേരിടുന്നതായി റിപ്പോര്‍ട്ടിലുണ്ട്.

ALSO READ: പുല്‍വാമ ഭീകരവാദിയുടെ ചിത്രം രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം ചേര്‍ത്ത് വ്യാജപ്രചരണം

ലോകത്തില്‍ അഞ്ച് കുട്ടികളില്‍ ഒരാള്‍ പ്രശ്‌നബാധിത മേഖലകളിലാണ് താമസിക്കുന്നതെന്ന് ചാരിറ്റി സി.ഇ.ഒ. ഹെല്ലെ തോനിങ് ഷ്മിഡ് പറഞ്ഞതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളായതിനേക്കാള്‍ പരിതാപകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സേവ് ദ ചില്‍ഡ്രനിന്റെ റിസര്‍ച്ച് പ്രകാരം 2017 മുതല്‍ ലോകത്തില്‍ 420 മില്യണ്‍ കുട്ടികള്‍ ജീവിക്കുന്നത് യുദ്ധ മേഖലയിലാണ്. ലോകത്തില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്നും ജീവഭയം അഞ്ചില്‍ ഒരാള്‍ക്ക് നിലനില്‍ക്കുന്നുണ്ടെന്നും മ്യൂണിക്ക് സെക്യൂരിറ്റി കൗണ്‍സിലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

അഫ്ഗാനിസ്ഥാന്‍, സെന്‍ട്രല്‍ ആഫ്രിക്കാ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇറാഖ്, മാലി,നൈജീരിയ, സൗത്ത് സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ കുട്ടികളാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ ഈ രാജ്യങ്ങളില്‍ യുദ്ധം മൂലം നേരിട്ടോ അല്ലാതെയോ മരണപ്പെട്ടത് 8,70,000 കുട്ടികളാണെന്ന് ചാരിറ്റിയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

പഴയകാല യുദ്ധങ്ങളേക്കാള്‍ 21-ാം നൂറ്റാണ്ടില്‍ യുദ്ധങ്ങളുടെ ഇരയാകുന്നത് കുട്ടികളും സാധാരണക്കാരുമാണെന്ന് ചാരിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല കുട്ടികളുടെ മരണനിരക്കിലുള്ള വര്‍ധനവ് ആശങ്കയുണര്‍ത്തുന്നുവെന്നും മ്യൂണിക്കില്‍ നടന്ന പരിപാടിയില്‍ സംഘടന പ്രതികരിച്ചു.