ന്യൂദല്‍ഹി: രാജ്യത്തെ കോളെജുകളില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ 50 ശതമാനം വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. മാനവവിഭവശേഷി മന്ത്രാലയം തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ച കണക്കുകളിലാണ് 2016-17 വര്‍ഷത്തെ കണക്കുകളിലാണ് തൊട്ടു മുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് ഭീമമായ വര്‍ദ്ധനവുണ്ടെന്ന് വെളിപ്പെടുത്തിയത്.
2017ല്‍ രാജ്യത്തെ മുഴുവന്‍ യൂണിവേഴ്‌സിറ്റികളിലായി 149 ലൈംഗികാതിക്രമ കേസുകളും മറ്റ് കോളജുകളില്‍ 39 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സത്യപാല്‍ സിംഗ് അറിയിച്ചു.
2016ല്‍ യൂണിവേഴ്‌സിറ്റികളില്‍ ഇത്തരം കേസുകളുടെ എണ്ണം 94 ആയിരുന്നു. മറ്റ് കോളജുകളില്‍ 18 കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളൂ.
റാഗിംഗ് കേസുകളിലും ഭീമമായ വര്‍ദ്ധനവുണ്ട്. 2017 ല്‍ 901 റാഗിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് 2016ല്‍ 515 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ജെ.എന്‍.യുവില്‍ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ കണക്കുകള്‍ പുറത്ത് വരുന്നത് എന്നത് പ്രസക്തമാണ്.