ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. പ്രയാസകരമായ സാഹചര്യത്തില്‍ ക്ഷേമ പദ്ധതികള്‍ക്കായി പണം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.
രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലും ഇന്ധന വില വര്‍ധിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് വില വര്‍ധനവിനെ ന്യായീകരിച്ച് മന്ത്രി രംഗത്ത് എത്തിയത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വര്‍ഷം 35000 കോടി രൂപ കൊവിഡ് വാക്‌സീനായി ചെലവഴിക്കുകയാണ്. ഈ സാഹചര്യം മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
വില വര്‍ധനവ് പൗരന്മാര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രശ്നമുണ്ടാക്കുന്നുവെന്ന് താന്‍ സമ്മതിക്കുന്നു, അതില്‍ യാതൊരു സംശയവുമില്ലെന്നും മന്ത്രി പറഞ്ഞു.
ഒരു ലക്ഷം കോടി രൂപ ചെലവഴിച്ച് 8 മാസത്തേക്ക് സൗജന്യ ഭക്ഷണം നല്‍കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ യോജന ആരംഭിച്ചുവെന്നും കേന്ദ്ര പെട്രോളിയം മന്ത്രി പറഞ്ഞു.
ഇന്ധനവില വര്‍ധനവിന് എതിരായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെയും ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്ത് എത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇന്ധനവില കൂടിയിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കഴിഞ്ഞ ആറ് ആഴ്ചയ്ക്കുള്ളില്‍ പെട്രോളിന് ലിറ്ററിന് 5.72 രൂപയും ഡീസലിന് ലിറ്ററിന് 6.25 രൂപയുമാണ് വില വര്‍ധിച്ചത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം വീണ്ടും വില വര്‍ധിപ്പിക്കുകയായിരുന്നു.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ്ഓയില്‍ വില വര്‍ധിക്കുന്നതാണു ഇന്ധനവില കൂടാന്‍ കാരണമെന്നാണു കേന്ദ്രസര്‍ക്കാര്‍ വാദം. വില കൂട്ടുന്നത് എണ്ണക്കമ്പനികളാണ്, സര്‍ക്കാരല്ല എന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു കാലത്ത് ക്രൂഡ് ഓയിലിനു വില കൂടിയപ്പോഴും ഇന്ത്യയില്‍ വില വര്‍ധിച്ചിരുന്നില്ല.
പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വില തത്വത്തില്‍ ആഗോളതലത്തിലെ ക്രൂഡ് ഓയില്‍ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതാണ്. അതായത് ക്രൂഡ് ഓയില്‍ വില ഉയരുന്ന സമയത്ത് രാജ്യത്തെ പെട്രോളിന്റെ വില ഉയരുകയും കുറയുന്ന സമയത്ത് കുറയുകയും വേണം.
പക്ഷെ അത്തരത്തിലല്ല ഇന്ത്യയില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത്. സ്വകാര്യ കമ്പനികള്‍ നിശ്ചയിക്കുന്ന റീട്ടെയ്ല്‍ വിലയോടൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികള്‍ കൂടി ചേര്‍ന്നതാണ് ഇന്ത്യയിലെ പെട്രോള്‍-ഡീസല്‍ റീട്ടെയ്ല്‍ വില.