ഇന്ത്യയിലെ മതപരിവർത്തന നിയമങ്ങളും വിദ്വേഷ പ്രസംഗങ്ങളും ആശങ്ക ഉളവാക്കുന്നു: ആന്റണി ബ്ലിങ്കൻ
World
ഇന്ത്യയിലെ മതപരിവർത്തന നിയമങ്ങളും വിദ്വേഷ പ്രസംഗങ്ങളും ആശങ്ക ഉളവാക്കുന്നു: ആന്റണി ബ്ലിങ്കൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th June 2024, 1:48 pm

വാഷിങ്ടൺ: ഇന്ത്യയിലെ ന്യുനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്ന മതപരിവർത്തന നിയമങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, തകർക്കപ്പെടുന്ന ആരാധനാലയങ്ങൾ എന്നിവയെക്കുറിച്ചുള്ള തന്റെ ആശങ്ക പ്രകടിപ്പിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്യവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

‘ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. അവരുടെ ആരാധനാലയങ്ങൾ തകർക്കപ്പെടുന്നതും മതപരിവർത്തന നിയമങ്ങൾ നിലവിൽ വരുന്നതും വർധിച്ചുകൊണ്ടിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

അതോടൊപ്പം 2023ൽ അമേരിക്കയിലെ മുതിർന്ന ഉദ്യോഗസ്ഥർ തങ്ങളുടെ ഇന്ത്യൻ സഹപ്രവർത്തകരുമായി ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ മത പരിവർത്തന വിരുദ്ധ നിയമങ്ങളും ന്യുനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും വർധിച്ച് വരുന്നു. അതെ സമയം ലോകമെമ്പാടുമുള്ള ആളുകൾ മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ കഠിനാദ്ധ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ പത്ത് സംസ്ഥാനങ്ങളിൽ മതപരിവർത്തനം നിയന്ത്രിക്കുന്ന നിയമങ്ങളുണ്ട്.2023 ലെ മതസ്വാതന്ത്ര്യ റിപ്പോർട്ടിൽ അദ്ദേഹം പറഞ്ഞു. അതോടൊപ്പം മതന്യൂനപക്ഷങ്ങളെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാനും അവരുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കാനുമുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ കഴിവിനെയും ബ്ലിങ്കൻ ചോദ്യം ചെയ്തു.

എന്നാൽ ഈ വിവരങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യൻ ഭരണകൂടം പ്രസ്താവിച്ചു.

‘യു.എസുമായുള്ള ബന്ധം ഞങ്ങൾ വിലമതിക്കുന്നു. എന്നാൽ ചില യു.എസ് ഉദ്യോഗസ്ഥരുടെ പക്ഷപാതമാണ് ഈ റിപ്പോർട്ടിൽ കാണുന്നത്. ഇത്തരം അഭിപ്രായങ്ങൾ യു.എസിന്റെ റിപ്പോർട്ടുകളിലുള്ള വിശ്വാസ്യത ദുർബലപ്പെടുത്തുക മാത്രമേ ചെയ്യൂ,’ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഈ റിപ്പോർട്ടിൽ ക്രിസ്ത്യാനികളെയും മുസ്‌ലിങ്ങളെയും നിർബന്ധിത മതപരിവർത്തന നിയമപ്രകാരം അറസ്റ്റ് ചെയ്‌തെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറഞ്ഞു. അതോടൊപ്പം ചില കേസുകൾ കെട്ടിച്ചമച്ചതാണെന്നും മതന്യൂനപക്ഷങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറഞ്ഞു.

ഇന്ത്യൻ- അമേരിക്കൻ മുസ്‌ലിം കൗൺസിൽ റിപ്പോർട്ടിനെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയെ ഒരു സി.പി.സി (കൺട്രി ഓഫ് പർട്ടിക്കുലർ കൺസേൺ) രാജ്യമായി പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ഈ പരാമർശങ്ങളെയെല്ലാം നിഷേധിച്ചുകൊണ്ട് ഇന്ത്യ മുന്നോട്ട് വന്നിട്ടുണ്ട്.

 

Content Highlight: Increase in anti-conversion laws, hate speech for minorities in India concerning: Blinken