| Friday, 29th June 2012, 12:32 pm

പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും: ഹയര്‍സെക്കന്‍ഡറി ഡയക്ടറേറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു. രണ്ടു ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് സീറ്റ് ലഭിക്കാതെ പുറത്തുനില്‍ക്കുന്നത്. പ്ലസ് ടു ഇല്ലാത്ത പഞ്ചായത്തുകളില്‍ പുതുതായി ബാച്ചുകള്‍ അനുവദിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കത്തതാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കാത്തതിന്റെ പ്രധാന കാരണം.

രണ്ടു ലക്ഷം കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചിട്ടില്ലെന്ന പരാതി പരിശോധിക്കുമെന്നും ഡയറക്ടറേറ്റ് പറഞ്ഞു. ജില്ലാ തല കണക്കെടുപ്പിന് ശേഷം സീറ്റ് കൂട്ടുന്നതിനെ കുറിച്ച് അന്തിമതീരുമാനം എടുക്കും.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക പ്രവേശന പ്രക്രിയ പൂര്‍ത്തിയായിട്ടും സംസ്ഥാനത്ത് സീറ്റ് ലഭിക്കാതെ പുറത്തുനില്‍ക്കുന്നത് 2,27,367 വിദ്യാര്‍ഥികള്‍. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ഥികള്‍ കൂടുതലായി പ്രവേശനം നേടിയതോടെയാണ് സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ പുറത്തായത്. എല്ലാ ജില്ലകളിലും വേണ്ടതിന്റെ പകുതി സീറ്റുകള്‍ മാത്രമാണ് ഇപ്പോഴുമുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇനി മുതല്‍ സി.ബി.എസ്.ഇ നേരിട്ട് നടത്തുന്ന പരീക്ഷ പാസാകുന്നവരെ മാത്രം പ്ലസ് വണ്ണിന് പരിഗണിച്ചാല്‍ മതിയെന്നാണ് തീരുമാനം. അടുത്ത വര്‍ഷം മുതല്‍ നിബന്ധന കര്‍ശനമായി നടപ്പിലാക്കും. എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ ഈ വര്‍ഷം പിന്തള്ളപ്പെട്ടുവെന്ന പരാതിയും പരിശോധിക്കും.

We use cookies to give you the best possible experience. Learn more