ന്യൂദല്‍ഹി: സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ വളര്‍ത്തുന്ന കുട്ടികളില്‍ മാനസികാഘാതമുണ്ടാകുമെന്നത് തെറ്റായ വിശകലനമാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഒരു വ്യക്തിക്ക് പോലും കുട്ടികളെ ദത്തെടുക്കാനുള്ള നിയമം ഇപ്പോള്‍ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹരജികള്‍ പരിഗണിക്കുന്ന മൂന്നാം ദിവസമാണ് ജസ്റ്റിസിന്റെ വാക്കാലുള്ള പരാമര്‍ശമെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
വിവാഹത്തിലെ സുപ്രധാന അവകാശങ്ങളില്‍ ഒന്ന് ദത്തെടുക്കലാണെന്ന അഭിഭാഷകനായ മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. എ.എം. സിന്‍വിയുടെ വാദത്തിനിടയിലാണ് ചന്ദ്രചൂഡിന്റെ പരാമര്‍ശം.
‘ ഗേ, ലെസ്ബിയന്‍ ബന്ധങ്ങളില്‍ ആര്‍ക്ക് വേണമെങ്കിലും കുട്ടിയെ ദത്തെടുക്കാം. ഇങ്ങനെ ദത്തെടുക്കുന്ന കുട്ടികളില്‍ മാനസികാഘാതം ഉണ്ടാകുമെന്ന വാദം തെറ്റാണ്. ദത്തെടുക്കുന്നതിന് ഇന്ന് നിയമം നിലവിലുണ്ട്,’ അദ്ദേഹം പറഞ്ഞു.
സ്വവര്‍ഗ ദമ്പതികള്‍ വളര്‍ത്തുന്ന കുട്ടികളും സ്വവര്‍ഗാനുരാഗികളാകുമെന്ന വാദവും തെറ്റാണെന്ന് ചന്ദ്രചൂഡ് പറഞ്ഞു.
അതേസമയം വിധവാ പുനര്‍വിവാഹം അനുവദിക്കപ്പെട്ടപ്പോള്‍ സമൂഹത്തില്‍ നിന്ന് പലവിധമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നെന്നും എന്നാല്‍ കാലക്രമേണ അതിന് സാമൂഹ്യ അംഗീകാരം ലഭിച്ചുവെന്നുമുള്ള കാര്യം അഭിഭാഷകന്‍ രോഹ്തഗിയും കോടതിയില്‍ ചൂണ്ടിക്കാട്ടി.
‘സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാന്‍ കോടതി സമൂഹത്തെ പ്രേരിപ്പിക്കേണ്ടതുണ്ട്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള അധികാരത്തിന് പുറമെ കോടതിയുടെ ധാര്‍മിക അധികാരവും ഈ വിഷയത്തില്‍ ഉപയോഗപ്പെടുത്തണം.
ഞങ്ങളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തി നല്‍കാന്‍ ഈ കോടതിയുടെ ധാര്‍മിക അധികാരത്തെയും വിശ്വാസ്യതയെയുമാണ് ആശ്രയിക്കുന്നത്. അവകാശങ്ങള്‍ ഞങ്ങള്‍ക്ക് ലഭ്യമാക്കി നല്‍കുമെന്ന് തന്നെയാണ് കരുതുന്നത്,’ ഹരജിക്കാര്‍ക്കായി രോഹ്തഗി കോടതിയില്‍ പറഞ്ഞു.
സ്വവര്‍ഗവിവാഹം നിയമവിധേക്കണമെന്ന ഹരജികളില്‍ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
CONTENT HIGHLIGHT: Incorrect analysis of children raised by same-sex couples can be traumatized: Justice D.Y. Moonlight