| Sunday, 7th April 2024, 9:42 am

ആദായനികുതി ലംഘനം; ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ച് പൂട്ടി കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ച് പൂട്ടാന്‍ ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍. ആദായനികുതി ലംഘനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെന്നാണ് വിശദീകരണം. മുന്‍ ജീവനക്കാര്‍ ഒരുമിച്ച് തുടങ്ങുന്ന കളക്ടീവ് ന്യൂസ് റൂം വഴി ആയിരിക്കും ഇനി ബി.ബി.സിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ബി.ബി.സിയുടെ മുംബൈയിലെയും ദല്‍ഹിയിലെയും ഓഫീസുകളില്‍ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ചട്ടലംഘനം കണ്ടെത്തി നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് 2021ലെ ചട്ടങ്ങള്‍ അനുസരിച്ച് പുതിയ രീതിയില്‍ പ്രവര്‍ത്തനം തുടരുമെന്ന് ബി.ബി.സി അറിയിച്ചത്. കളക്ടീവ് ന്യൂസ് റൂം എന്ന പേരില്‍ പഴയ ബി.ബി.സിയിലെ ജീവനക്കാര്‍ ഒന്നിച്ച് കമ്പനി രൂപീകരിച്ചതിന് ശേഷം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമെന്നാണ് ബി.ബി.സി അറിയിച്ചത്.

ഇന്ത്യയില്‍ നിലവിലുള്ള മറാത്തി, തമിഴ് ഉള്‍പ്പടെയുള്ള ഏഴ് ഭാഷകളില്‍ ബി.ബി.സി.യുടെ സേവനം ലഭിക്കുമെങ്കിലും ഇവയുടെ പ്രവര്‍ത്തനം മാതൃ കമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആയിരിക്കില്ല. അടുത്ത ആഴ്ച മുതല്‍ ന്യൂസ് കളക്ടീവ് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അറിയിച്ചത്.

ലോകത്ത് തന്നെ ഇതാദ്യമായാണ് ബി.ബി.സിയുടെ പ്രവര്‍ത്തനം ഒരു രാജ്യത്ത് അവസാനിപ്പിക്കേണ്ടി വന്നത്. 1940ലാണ് ഇന്ത്യയില്‍ ബി.ബി.സിയുടെ ന്യൂസ് റൂം പ്രവര്‍ത്തനം ആരംഭിച്ചത്. ഇതില്‍ 99 ശതമാനവും ബി.ബി.സി ഇന്ത്യയെന്ന പേരില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ മാതൃ കമ്പനിയുടെ നിയന്ത്രണത്തില്‍ തന്നെയാണ് ബി.ബി.സിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം.

200-ാളം ജീവനക്കാരാണ് ഇന്ത്യയിലെ ബി.ബി.സിയില്‍ ജോലി ചെയ്തിരുന്നത്. യു.കെ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ ഉണ്ടായിരുന്നതും ഇന്ത്യയിലാണ്.

Content Highlight: Income tax violation; The central government has closed down the BBC’s newsroom in India

We use cookies to give you the best possible experience. Learn more