|

വീണ്ടും റെയ്ഡ് ആയുധമാക്കി കേന്ദ്രം; ചോദ്യങ്ങള്‍ ചോദിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമമെന്ന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ വിവിധ സ്വതന്ത്ര സ്ഥാപനങ്ങളിലും ചാരിറ്റി ഓര്‍ഗനൈസേഷനുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഇന്ത്യയിലെ പ്രധാന ഇന്റലക്ച്വല്‍ സ്‌പേസുകളിലൊന്നായി കണക്കാക്കപ്പെടുന്ന സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് (സി.പി.ആര്‍), ചാരിറ്റി സംഘടനയായ ഓക്‌സ്ഫാം ഇന്ത്യ, ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റിപെന്‍ഡന്റ് ആന്റ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്‍ (ഐ.പി.എസ്.എം.എഫ്) എന്നീ സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്.

പത്തോളം ഉദ്യോഗസ്ഥരാണ് സ്ഥാപനങ്ങളിലെത്തിയതെന്നും നീണ്ട മണിക്കൂറുകള്‍ റെയ്ഡ് നടത്തിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദി കാരവന്‍, ദി പ്രിന്റ, ആള്‍ട്ട് ന്യൂസ് തുടങ്ങി നിരവധി സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് ഗ്രാന്റടക്കമുള്ള പ്രവര്‍ത്തന സഹായങ്ങള്‍ നല്‍കി വരുന്ന സംഘടനയാണ് ഐ.പി.എസ്.എം.എഫ്. അതത് കാലത്തെ സര്‍ക്കാരുകളുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസത്തിന് പ്രാധാന്യം നല്‍കുന്ന മാധ്യമങ്ങള്‍ക്ക് ഐ.പി.എസ്.എം.എഫ് സഹായം നല്‍കിവരുന്നുണ്ട്.

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുകയും വസ്തുതാപരമായി പഠനത്തിന് വിധേയമാക്കി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്യുന്ന സംഘടനയാണ് സി.പി.ആര്‍.

ഓക്‌സ്ഫാം എന്ന അന്താരാഷ്ട്ര സംഘടനക്ക് കീഴില്‍ വരുന്ന നിരവധി എന്‍.ജി.ഒകളിലൊന്നാണ് ഓക്‌സ്ഫാം. ‘ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്ത നീതിപൂര്‍വവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനാവശ്യമായ നയമാറ്റങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ പൊതുജനങ്ങളെ ഒന്നിച്ചുചേര്‍ക്കുക’ എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഓക്‌സ്ഫാമിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്.

റെയ്ഡിനെ കുറിച്ച് ആദായ നികുതി വകുപ്പിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായ വിശദീകരണമൊന്നും വന്നിട്ടില്ല. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിവരുന്ന ‘സര്‍വേ’യുടെ ഭാഗമാണ് ഈ റെയ്‌ഡെന്നുമാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹരിയാനയിലും മഹാരാഷ്ട്രയിലും ഗുജറാത്തിലുമെല്ലാം സമാനമായ റെയ്ഡുകള്‍ നടക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ ഇരുപതോളം രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വത്തുക്കളും നിക്ഷേപവും സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും ഈ ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങള്‍ക്കും മറ്റു സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ അന്വേഷ ഏജന്‍സികളെ ഉപയോഗിച്ച് പ്രതികാര നടപടിയെടുക്കുകയാണ് സര്‍ക്കാരെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഈ റെയ്ഡുകളോടും സമാനമായ വിമര്‍ശനം തന്നെയാണ് വരുന്നത്.

എന്നാല്‍ ഇതുവരെയും ഈ റെയ്ഡിനെ കുറിച്ച് ഔദ്യോഗികമായ വിശദീകരണം വന്നിട്ടില്ല. റെയ്ഡിനെ കുറിച്ച് സംഘടനകളും പ്രതികരിച്ചിട്ടില്ല.

Content Highlight: Income Tax Searches at CPR, Oxfam, IPSM