| Saturday, 7th November 2020, 8:22 am

ബിലീവേഴ്‌സ് ചര്‍ച്ചിലെ പരിശോധന തുടരുന്നു; വിദേശത്ത് നിന്ന് എത്തിയത് 6000 കോടി; ഇതുവരെ പിടിച്ചെടുത്തത് 15 കോടി രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവല്ല: കെ.പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വിവിധ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധാന തുടരുന്നു. വിവിധ സ്ഥാപനങ്ങളില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമായി ഇതിനോടകം കണക്കില്‍പ്പെടാത്ത 15 കോടി രൂപയാണ് ആദായ നികുതി വകുപ്പില്‍ നിന്ന് പിടികൂടിയത്.

ബിലീവേഴ്സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ മെഡിക്കല്‍ കോളേജ് കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് 7 കോടി രൂപയാണ് പിടികൂടിയത്. ദല്‍ഹിയിലെയും കേരളത്തിലെയും സ്ഥാപനങ്ങളില്‍ നിന്നാണ് 15 കോടി രൂപ പിടികൂടിയിരിക്കുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ട്രസ്റ്റുകള്‍ക്ക് 6000 കോടി രൂപയാണ് വിദേശത്ത് നിന്ന് കിട്ടിയത്. വിദേശ സംഭാവന നിയന്ത്രണ ചട്ടവും (എഫ്.സി.ആര്‍.എ) വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടവും (ഫെറ) ലംഘിച്ച് ബിലീവേഴ്‌സ് വന്‍തോതില്‍ സംഭാവനകള്‍ സ്വീകരിച്ചതായാണ് കണ്ടെത്തല്‍.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലീവേഴ്‌സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്‌സ് ചര്‍ച്ച് ആഗോളതലത്തില്‍ അറിയപ്പെടുന്നത്.

2005ല്‍ 2223 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്‌റ്റേറ്റ് വാങ്ങിയിരുന്നു. സഭക്കുകീഴില്‍ ലാസ്റ്റ് ഔവര്‍ മിനിസ്ട്രി, ലവ് ഇന്ത്യ മിനിസ്ട്രി, അയന ചാരിറ്റബിള്‍ ട്രസ്റ്റ്, ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് ഓഫ് ഇന്ത്യ എന്നീ ചാരിറ്റബിള്‍ ട്രസ്റ്റുകളാണ് ചര്‍ച്ചിന്റെതായി ഉള്ളത്. ഇതിന് പുറമെ തിരുവല്ല മെഡിക്കല്‍ കോളജ് ആശുപത്രി, ആത്മീയ യാത്ര ടെലിവിഷന്‍ ചാനല്‍, തിരുവല്ല, തൃശൂര്‍ എന്നിവിടങ്ങളില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയും ബിലീവേഴ്‌സ് ചര്‍ച്ചിനുണ്ട്.

സമീപകാലത്ത് പ്രവര്‍ത്തനം തുടങ്ങിയ വാര്‍ത്താചാനലിന്റെ വലിയ ഓഹരികളും വാങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിനിടെ കണ്ടെത്തിയ പണത്തില്‍  രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ കൂടി ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൂടുതല്‍ കേന്ദ്ര എജന്‍സികള്‍ പരിശോധനയില്‍ ഭാഗമാകാനാണ് സാധ്യത.

നേരത്തെ തന്നെ വ്യാപകമായി ആരോപണങ്ങളും പരാതികളും കെ.പി യോഹന്നാന് എതിരെ ഉയര്‍ന്നിരുന്നു. 2012 ല്‍ കെ.പി യോഹന്നാന് എതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

1990 മുതല്‍ 2011 വരെ 48 രാജ്യങ്ങളില്‍ നിന്നായി രണ്ടു ട്രസ്റ്റുകള്‍ക്കുമായി 1544 കോടി രൂപ ലഭിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ പണം ഉപയോഗിച്ച് 19,000 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയതായും സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കെട്ടിടസമുച്ചയങ്ങള്‍ എന്നിവ വാങ്ങിയതായും കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് ബിലീവേഴ്‌സ് ചര്‍ച്ചിന് 10,000 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് 7,000 ഏക്കര്‍ ഭൂമിയുമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റിനു മാത്രം 1991 മുതല്‍ 2008 വരെ 572,06,00,587 രൂപയുടെ വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും 2002 മുതല്‍ 2008 വരെ ബിലീവേഴ്‌സ് ചര്‍ച്ചിന് 472,02,71,753 രൂപയും വിദേശത്തുനിന്ന് ലഭിച്ചിട്ടുണ്ടെന്നും അന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Income tax search in Believers Church continues; 6000 crore from abroad; So far, Rs 15 crore has been seized

We use cookies to give you the best possible experience. Learn more