| Wednesday, 1st December 2021, 6:43 pm

ആന്റണി പെരുമ്പാവൂരിനും ആന്റോ ജോസഫിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്; നേരിട്ട് ഹാജരാവാന്‍ നിര്‍ദേശം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂരിനും ആന്റോ ജോസഫിനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. കണക്കുകളില്‍ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരോടും നേരിട്ട് ഹാജരാകണമെന്ന്് ആദായനികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്.

ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുളള ആശീര്‍വാദ് ഫിലിംസ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയ എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു. ഇവരുടെ ടി.ഡി.എസ് (ടാക്‌സ് ഡിഡക്റ്റഡ് അറ്റ് സോഴ്‌സ്) കണക്കുകളില്‍ വന്‍ തുകയുടെ വ്യത്യാസം ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുമ്പോള്‍ ടി.ഡി.എസ് കുറച്ചിട്ടുളള തുകയാണ് നിര്‍മാതാക്കള്‍ നല്‍കുന്നത്. ഈ ടി.ഡി.എസ് പിന്നീട് ആദായ നികുതിയായി അടയ്ക്കണം. എന്നാല്‍ പല നിര്‍മാതാക്കളും ഈ നികുതി അടയ്ക്കാതെ കൈവശം വെച്ചിരിക്കുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

താരങ്ങളുടെ പ്രതിഫലം കുറച്ചുകാണിച്ചും ടി.ഡി.എസ്സില്‍ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

യഥാര്‍ഥ പ്രതിഫലത്തിന്റെ നാലിലൊന്നുമാത്രം കണക്കില്‍ കാണിക്കുകയും ബാക്കി തുകയ്ക്കുളളത് വിതരണക്കരാറായി മാറ്റുകയുമാണ് ഇക്കൂട്ടര്‍ ചെയ്തിരുന്നതെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.

ഇക്കാര്യം വ്യക്തമായതോടെയാണ് കൂടുതല്‍ പരിശോധനയ്ക്ക് ഹാജരാകാന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ നടന്‍മാരും നിര്‍മാതാക്കളുമായ പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

പൃഥ്വിരാജിന്റെ ‘പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ദുല്‍ഖറിന്റെ വേഫെയര്‍ ഫിലിംസ്, വിജയ് ബാബുവിന്റെ ഫ്രൈഡെ ഫിലിംസ് എന്നിവയുടെ ഓഫീസുകളിലാണ് പരിശോധന നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Income Tax raid in production of Antony Perumbavoor and Anto Joseph

We use cookies to give you the best possible experience. Learn more