തിരുവനന്തപുരം: പേളി മാണി ഉള്‍പ്പെടെയുള്ള കേരളത്തിലെ പത്തോളം യൂട്യൂബര്‍മാരുടെ വീടുകളും ഓഫീസുകളും കേന്ദ്രീകരിച്ച് ആദായ നികുതി വകുപ്പ് റെയ്ഡ് തുടങ്ങി. പലരും വരുമാനത്തിന് അനുസരിച്ച് നികുതി നല്‍കുന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പേളി മാണിക്ക് പുറമെ അര്‍ജു, അണ്‍ബോക്‌സിങ് ഡ്യൂഡ്, ഫിഷിങ് ഫ്രീക്ക്, എം4ടെക്, അഖില്‍ എന്‍.ആര്‍.ഡി, ജയരാജ് ജി. നാഥ്, കാസ്‌ട്രോ ഗെയിമിങ്, റെയിസ്റ്റര്‍ തുടങ്ങിയ യൂട്യൂബര്‍മാരുടെ വീടുകളും ഓഫീസുകളും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നതെന്ന് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പലര്‍ക്കും ഓഫീസുകള്‍ ഇല്ലാത്തതിനാല്‍ അവരുടെ വീടുകളിലാണ് രാവിലെ മുതല്‍ റെയ്ഡ് നടക്കുന്നത്.
ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ്, എറണാകുളം, പാലക്കാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. പലരും കൃത്യമായി നികുതി അടയ്ക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. രാവിലെ എട്ട് മണിയോടെയാണ് പരിശോധന ആരംഭിച്ചത്.
കോടികളുടെ വാര്‍ഷികവരുമാനം ഉണ്ടായിട്ടും ആദായ നികുതി വെട്ടിച്ചു എന്നതിന്റെ പേരിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ ഇതാദ്യമായാണ് യൂട്യൂബര്‍മാരുടെ വീടുകളില്‍ വ്യാപകമായി റെയ്ഡ് നടത്തുന്നത്.
വ്യാഴാഴ്ച രാവിലെ മുതല്‍ ഇവരുടെ വീടുകളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥര്‍ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ പരിശോധിച്ച് വരികയാണ്. പലര്‍ക്കും പ്രതിവര്‍ഷം ഒന്ന് മുതല്‍ രണ്ട് കോടി രൂപ വരെ യൂട്യൂബ് വഴി വാര്‍ഷിക വരുമാനം ലഭിക്കുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, യൂട്യൂബര്‍മാര്‍ക്ക് എതിരെ നിയമവിരുദ്ധമായി സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടോ എന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. റെയ്ഡ് വൈകുന്നേരം വരെ തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.