നടന്‍ സോനു സൂദ് 20 കോടി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്; റെയ്ഡ് ആം ആദ്മിയുമായി താരം സഹകരിക്കാന്‍ തീരുമാനിച്ചതോടെ
മുംബൈ: നടന്‍ സോനു സൂദ് 20 കോടി രൂപ വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്. സോനുവിന്റെ വീടുകളിലും സ്ഥാപനങ്ങളിലും മൂന്ന് ദിവസമായി നടത്തിയ റെയ്ഡിന് ശേഷമാണ് 20 കോടി രൂപ താരം വെട്ടിച്ചതായി ആദായ നികുതി വകുപ്പ് പറഞ്ഞത്.
സോനു സൂദിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒ വിദേശരാജ്യത്ത് നിന്ന് ക്രൗഡ് ഫണ്ടിങ്ങിലൂടെ 2.1 കോടി സ്വരൂപിച്ചത് ചട്ട ലംഘനമാണെന്നും ആദായ നികുതി വകുപ്പ് പറഞ്ഞു.
ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ പദ്ധതികളില്‍ സഹകരിക്കുമെന്ന് സോനു സൂദ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് താരത്തിനെതിരെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
ഇത്തരത്തില്‍ 20ഓളം ഇടപാടുകള്‍ സോനു സൂദ് നടത്തിയിട്ടുണ്ടെന്നും കൃത്യമായ കണക്ക് നികുതി വെട്ടിപ്പില്‍ പറയാന്‍ പറ്റില്ലെങ്കിലും ഇരുപത് കോടിയോളം രൂപ വെട്ടിച്ചെന്നുമാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
അതേസമയം സോനു സൂദിനെതിരെ നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് ആം ആദ്മി പാര്‍ട്ടിയും ശിവസേനയും പറഞ്ഞു. താരം നികുതി വെട്ടിച്ചെങ്കില്‍ എന്തിനാണ് ഇത്രയും കാലം കാത്തിരുന്നതെന്നും ആം ആദ്മി പാര്‍ട്ടി ചോദിച്ചു.
നേരത്തെ കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് നിരവധി പേര്‍ക്ക് സഹായവുമായി സോനു സൂദ് എത്തിയിരുന്നു. ഇതോടെ സോനുവിനെ പ്രധാനമന്ത്രിയാക്കണമെന്നുള്ള തരത്തിലടക്കം പ്രചാരണങ്ങള്‍ നടന്നിരുന്നു.
2020ല്‍ കൊറോണ വൈറസ് തീവ്രമായി പടരാന്‍ തുടങ്ങിയ സമയം മുതല്‍ സന്നദ്ധ പ്രവര്‍ത്തനവും സഹായങ്ങളും നല്‍കിയ സോനു സൂദ്, കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
സഹായങ്ങള്‍ എത്തിക്കുന്നതിന് തന്റെ മുംബൈയിലെ കടമുറികള്‍ പണയം വെച്ച് 10 കോടി രൂപ ലോണ്‍ എടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.