തിരുവനന്തപുരം: നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഓവർസീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ടത് കാര്യവുമാണ് നോട്ടീസിൽ വ്യക്താമാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
മുമ്പ് നടത്തിയ റെയ്ഡിന്റെ തുടർനടപടിയാണിത് എന്നാണ് ഇ.ഡി പറയുന്നത്. 2022ൽ കേരളത്തിലെ സിനിമ നിർമാതാക്കളുടെ ഓഫീസുകളിലും വീടുകളിലും ആദായ നികുതി ഉദ്യോഗസ്ഥർ ഇൻവെസ്റ്റിഗേഷൻ നടത്തിയിരുന്നു. അന്ന് പ്രധാനമായും റെയ്ഡ് നടന്നത് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് ഫിലിംസ് മറ്റൊന്ന് ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണ കമ്പനി, മറ്റൊന്ന് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണ കമ്പനി, ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള കമ്പനി, എബ്രഹാം എന്ന വ്യക്തിയുടെ കമ്പനി എന്നിവിടങ്ങളിലായിരുന്നു.
2019 മുതൽ 2022 വരെയുള്ള ഇവരുടെ സാമ്പത്തിക ഇടപാടുകളായിരുന്നു പ്രധാനമായും പരിശോധിച്ചിരുന്നത്. അതിന്റെ തുടർനടപടികൾ നടന്നുവരികയായിരുന്നു. ഏറ്റവും ഒടുവിലായി ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗം തങ്ങൾക്ക് കിട്ടിയ വിവരങ്ങൾ ആദായ നികുതി അസസ്സ്മെന്റ് വിഭാഗത്തിന് കൈമാറുകയും ചെയ്തിരുന്നു.
ആദായ നികുതി അസസ്സ്മെന്റ് വിഭാഗത്തിൽ നിന്നാൽ മാർച്ച് അവസാന ആഴ്ച ആന്റണി പെരുമ്പാവൂരിന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജിന് നോട്ടീസ് ലഭിച്ച അതേ സമയത്ത് തന്നെയാണ് ആന്റണി പെരുമ്പാവൂരിനും നോട്ടീസ് പോയിരിക്കുന്നത്.
ചില ഓവർസീസ് ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2022ൽ ദുബൈയിൽ വെച്ച് ആന്റണി പെരുമ്പാവൂർ മോഹൻലാലിന് രണ്ടര കോടി രൂപ കൈമാറിയിട്ടുണ്ട്. അതിൽ വ്യക്തത വരുത്താനാണ് ഇ.ഡി പ്രധാനമായും ആവശ്യപ്പെടുന്നത്.
ഓവർസീസ് റൈറ്റ് എന്നതിന് പിന്നിൽ വലിയ തോതിൽ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്ന് ഇ.ഡി അവകാശപ്പെടുന്നു. ഒരു 15 കോടി ഓവർസീസ് റൈറ്റ് ആയി നിശ്ചയിക്കുന്നതെങ്കിൽ അതിൽ അഞ്ച് കോടി മാത്രം കണക്കിൽ കാണിക്കുകയും ബാക്കി പണം ഹവാല ചാനലുകളിലൂടെയും മറ്റും രാജ്യത്തിന് പുറത്ത് വെച്ച് കൈമാറുകയും ചെയ്യുന്നുവെന്ന് ഇ.ഡി പറയുന്നു. മാത്രവുമല്ല, ഓവർസീസ് റൈറ്റിന്റെ പണമിടപാട് എന്നത് തന്നെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഇടപാടാണ്.
ഇതിൽ പ്രധാനമായി ആദായ നികുതി വിഭാഗം പറയുന്നത് ഒരു ഇറാൻ സ്വദേശിയായ ഗുലച്ചൻ എന്ന വ്യക്തിയാണ് മലയാളത്തിലടക്കം ഓവർസീസ് റൈറ്റ് എടുത്തുകൊണ്ട് മറ്റ് ഭാഷകളിലേക്കൊക്കെ കൊണ്ടുപോകുന്നത്. ആ ഇടപാടുകളിലൊക്കെ തന്നെ വ്യക്തതയാണ് ആന്റണി പെരുമ്പാവൂരിനോട് തേടിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂർ ഈ മാസം അവസാനത്തോടുകൂടി മറുപടി നൽകണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് പൃഥിരാജിനോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍ സഹനിര്‍മാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. നിര്‍മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.
Content Highlight: Income tax notice also issued to Antony Perumbavoor