കൊച്ചി: എ.ആര്‍ നഗര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ.കെ ബാവ അടക്കമുള്ള 16 പേര്‍ക്കെതിരെയാണ് നോട്ടീസ് അയച്ചത്. ബാങ്കിലെ നിക്ഷേപത്തിന് ആദായനികുതിയും പിഴയും അടയ്ക്കണമെന്നാണ് നോട്ടീസില്‍. നികുതിയും കുടിശികയും ഉടന്‍ അടച്ചില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
സഹകരണ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഇ.ഡിക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. പരാതികളില്‍ നടപടി എടുക്കാത്തത് ചൂണ്ടിക്കാണിച്ച് നിക്ഷേപകനായ ഫൈസല്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.
സഹകരണ ബാങ്കില്‍ 48 കോടി രൂപയുടെ ക്രമക്കേടാണ് ആദായ വകുപ്പിന്റെ അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയത്. 156 വ്യാജ വിലാസങ്ങളിലായാണ് ഈ പണം ബാങ്കില്‍ നിക്ഷേപിച്ചത്. ഇത് ഹവാലാ പണമാണെന്നാണ് ഹരജിയില്‍ പറയുന്നത്. യഥാര്‍ത്ഥ നിക്ഷേപകരെ കണ്ടെത്തണമെന്നും ഹരജിക്കാരന്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ബാങ്ക് ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് മാനേജര്‍ പ്രസാദ് നേരത്തെ ഇ.ഡിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ നടപടി എടുത്തിട്ടില്ലെന്ന് ഹരജിക്കാരന്‍ പറഞ്ഞു.