| Saturday, 5th April 2025, 10:35 am

പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്‍ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന് നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. മുന്‍ചിത്രങ്ങളുടെ പ്രതിഫലത്തില്‍ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എമ്പുരാന്‍ സിനിമയുടെ വിവാദവുമായി ബന്ധപ്പെട്ടല്ല നോട്ടീസ് എന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്.

2022ല്‍ പൃഥ്വിരാജ് അഭിനയിച്ച മൂന്ന് സിനിമകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണിതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അക്കാലത്തെ സിനിമകളുടെ പ്രതിഫലവിവരങ്ങള്‍ ഹാജരാക്കാന്‍ പൃഥ്വിരാജിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസമോ അതിന് മുമ്പുള്ള മാസമോ നോട്ടീസ് അയച്ചിരുന്നു എന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ആന്റണി പെരുമ്പാവൂരിനും ലിസ്റ്റിന്‍ സ്റ്റീഫനും സമാനരീതിയില്‍ നോട്ടീസ് അയച്ചിരുന്നു.

അതേസമയം എമ്പുരാന്‍ സിനിമയ്ക്ക് എതിരെയുള്ള വിവാദങ്ങള്‍ അടങ്ങുന്നില്ല. 24 ഭാഗങ്ങള്‍ റീ എഡിറ്റിങ്ങിന്റെ ഭാഗമായി ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റിയിട്ടും സിനിമക്കും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള തീവ്ര വലതുപക്ഷ സംഘടനകളുടെ അക്രമം തുടരുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ റെയ്ഡ് നടന്നിരുന്നു.

പിന്നാലെ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തിരുന്നു. ഇന്നലെ (വെള്ളി) രാവിലെ മുതല്‍ ചെന്നൈയിലെ ഗോകുലം ചിട്ട്‌സ് ഫിനാന്‍സിലും ഗോകുലം ഗോപാലന്റെ കൊച്ചി, കോഴിക്കോട് ഓഫീസുകളിലും റെയ്ഡ് നടന്നിരുന്നു. ചെന്നൈ കോടമ്പാക്കത്തെ സ്ഥാപനത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ റെയ്ഡ് നടന്നത്.

Content Highlight: Income Tax Department issues notice to Prithviraj

Latest Stories

We use cookies to give you the best possible experience. Learn more