|

സി.പി.ഐ.എമ്മിന്റെ ഒരുകോടി രൂപ പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂരില്‍ സി.പി.ഐ.എമ്മിന്റെ ഒരുകോടി രൂപ പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്. ബാങ്കില്‍ തിരിച്ചടക്കാന്‍ കൊണ്ടുവന്ന പണമാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.

ചൊവ്വാഴ്ച ഉച്ചക്കാണ് സി.പി.ഐ.എമ്മിന്റെ തൃശൂര്‍ ജില്ലാ ഓഫീസില്‍ നിന്ന് ഒരുകോടി രൂപ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്നത്. നേരത്തെ ഈ ബാങ്കിലെ സി.പി.ഐ.എമ്മിന്റെ അക്കൗണ്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് ശേഷം അക്കൗണ്ടില്‍ നിന്ന് ഒരുകോടി രൂപ പാര്‍ട്ടി പിന്‍വലിച്ചിരുന്നു. ഇത് ആദായനികുതി വകുപ്പിനെ അറിയിക്കാതെയാണെന്ന് അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് തുക തിരിച്ച് നിക്ഷേപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. തുടര്‍ന്ന് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് ബാങ്കിലെത്തി പണം പിടിച്ചെടുത്തത്.

പിന്നീട് സി.പി.ഐ.എമ്മിന്റെ തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ വിളിച്ച് വരുത്തി തുകയുടെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ബാങ്കില്‍ നിന്ന് പിന്‍വലിച്ച തുക തങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും അതേ തുക തന്നെയാണ് തിരിച്ച് നിക്ഷേപിക്കാന്‍ കൊണ്ടുവന്നതെന്നും എം.എം. വര്‍ഗീസ് പറഞ്ഞു.

Content Highlight: Income tax department has seized one crore rupees from CPIM