| Sunday, 27th February 2022, 8:01 pm

ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമുള്ളതാണോ ആദായ നികുതി വകുപ്പ്? സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ കരുതിക്കൂട്ടി ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ റെയ്ഡ് നടത്തുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ആദായ നികുതി വകുപ്പ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമേ നിലവിലുള്ളുവെന്നും അദ്ദേഹം പരിഹസിച്ചു.

മഹാരാഷ്ട്ര സര്‍ക്കാരിനുനേരെയുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ ആദായനികുതി വകുപ്പിനെ ഉപയോഗിക്കുകയാണ്. എന്തുകൊണ്ടാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം റെയ്ഡുകള്‍ നടക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ അടുത്ത് വന്നപ്പോഴേക്കും ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം നിലവിലുള്ള ആദായനികുതി വകുപ്പ് മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും റെയ്ഡുകള്‍ ആരംഭിച്ചെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

പരിശോധനകള്‍ എത്ര വേണമെങ്കിലും നടക്കട്ടെ. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.എം.സി തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ ആദായനികുതി വകുപ്പ് ബി.എം.സി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്റെ ഉടമസ്ഥതയിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും വ്യാപകമായ റെയ്ഡ് നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം.

ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് ബി.ജെ.പി ഭരണത്തിനു ശേഷം ഇപ്പോള്‍ തിരിച്ചറിവുണ്ടായിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു. യു.പിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും ഒടുവില്‍ അഖിലേഷ് യാദവ് തന്നെ അധികാരത്തിലേക്ക് തിരിച്ചുവരുമെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: ‘Income and tax only in Maharashtra’: Sena leader Sanjay Raut’s attack on Centre

We use cookies to give you the best possible experience. Learn more