ചെന്നൈ: രാജ്യത്തെ ജനാധിപത്യത്തിന്റെ വിജയം എല്ലാ ജന വിഭാഗങ്ങളെയും അവരുടെ വോട്ടുകളും ഉൾക്കൊള്ളുമ്പോളെന്ന് ട്രാൻസ്‌ജെൻഡർ പോളിങ് ഉദ്യോഗസ്ഥയായ രാധ. ദക്ഷിണ ചെന്നൈയിലെ വെള്ളച്ചേരി നിയമസഭാ സെഗ്‌മെൻ്റിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ പോളിങ് ഉദ്യോഗസ്ഥയായ രാധ,എൻ.ഡി.ടി.വി ‘ഇന്ത്യൻ ഓഫ് ദി ഇയർ അവാർഡ് 2024’ ൽ സംസാരിക്കുകയായിരുന്നു.
നിലവിൽ സംസ്ഥാനത്തെ സാമൂഹികക്ഷേമ വകുപ്പിൽ ജൂനിയർ അസിസ്റ്റൻ്റായി ചെന്നൈ ജില്ലാ കളക്ടറേറ്റിൽ ജോലി ചെയ്യുകയാണ് രാധ. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയെ രാജ്യത്തെ വോട്ടർമാരിൽ ഉൾപ്പെടുത്തുന്നത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അവർക്ക് തുല്യമായ അവകാശം നൽകണമെന്നും രാധ പ്രത്യേകം പറഞ്ഞു. മറ്റ് പൗരന്മാരെപ്പോലെ വോട്ടവകാശം തങ്ങൾക്കും ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചവർ സംസാരിച്ചു.
‘ഇന്ത്യൻ ഭരണഘടന എല്ലാവർക്കും തുല്യമായ വോട്ടവകാശം നൽകുന്നതിനാൽ സമൂഹത്തിലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവരും വോട്ടർമാരായിരിക്കണം. അത്തരം വോട്ടർമാരെ ഉൾപ്പെടുത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ഒരു പോളിങ് ഉദ്യോഗസ്ഥയെന്ന നിലയിൽ, അത്തരം എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്താനും അവരെ വോട്ടുചെയ്യാൻ പ്രോത്സാഹിപ്പിക്കാനും ഞാൻ ശ്രമിക്കുന്നു,’ രാധ പറഞ്ഞു.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ സൗത്ത് ചെന്നൈ പാർലമെൻ്റ് മണ്ഡലത്തിൽ നിന്നുള്ള ഏക ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥിയായിരുന്നു രാധ.
സമ്മതത്തോടെയുള്ള ഒരേ ലിംഗക്കാരുടെ ലൈംഗികത ക്രിമിനൽ കുറ്റമായി കണക്കാക്കിയിരുന്ന പഴയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് 2018ൽ സുപ്രീം കോടതി ക്രിമിനൽ കുറ്റമല്ലാതാക്കിയിരുന്നു. ഇതിന് ശേഷം, ആ വർഷം തെരഞ്ഞെടുപ്പിന് മുന്നോടിയായി, കൂടുതൽ ട്രാൻസ് ജെൻഡർ വ്യക്തികൾ അവരുടെ ഐഡൻ്റിറ്റിയുമായി മുന്നോട്ട് വരുന്നുണ്ടെന്നും രാധ പറഞ്ഞു.
തൻ്റെ രാഷ്ട്രീയ പ്രവേശനം, സമൂഹത്തിലെ കൂടുതൽ ട്രാൻസ് ജെൻഡർ വ്യക്തികളെ മുന്നോട്ട് വരാൻ പ്രോത്സാഹിപ്പിക്കുമെന്ന് രാധ പറഞ്ഞു.
ഈ വർഷം ആദ്യം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 48,000 ട്രാൻസ് ജെൻഡർമാർ വോട്ട് ചെയ്യാൻ അർഹത നേടിയതായി പോൾ ബോഡി അറിയിച്ചിരുന്നു.
ലിംഗ ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ സമഗ്രമായ അന്തരീക്ഷം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നിരവധി നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ വർഷം ഓഗസ്റ്റിൽ, ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിക്കായി ഇന്ത്യയിലെ ആദ്യത്തെ തുല്യ അവസര നയം രൂപീകരിച്ചു, ഇത് സമ്മതമില്ലാതെ ഒരു ട്രാൻസ്‌ജെൻഡറിൻ്റെ ലിംഗ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്നത് നിരോധിക്കുന്നു.
Content Highlight: ‘Inclusion Key To Successful Democracy’: Transgender Polling Official