പെണ്ണായി ജീവിക്കുക എന്നത് കഠിനമായ കാലത്ത് അനുപമ എന്ന അമ്മക്കൊപ്പമാണ്, എ.ഐ.എസ്.എഫിലെ നിമിഷക്കൊപ്പമാണ്: ഫാത്തിമ തഹ്‌ലിയ
Kerala News
പെണ്ണായി ജീവിക്കുക എന്നത് കഠിനമായ കാലത്ത് അനുപമ എന്ന അമ്മക്കൊപ്പമാണ്, എ.ഐ.എസ്.എഫിലെ നിമിഷക്കൊപ്പമാണ്: ഫാത്തിമ തഹ്‌ലിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd October 2021, 3:24 pm

കോഴിക്കോട്: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവവുമായി ബന്ധപ്പെട്ടും എം.ജി. യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ടും പ്രതികരണവുമായി മുന്‍ എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ.

പെണ്ണായി ജീവിക്കുക എന്നത് കഠിനമായി മാറുന്ന കാലത്ത് അനുപമ എന്ന അമ്മക്കൊപ്പമാണെന്നും എ.ഐ.എസ്.എഫിലെ നിമിഷക്കൊപ്പമാണെന്നും തഹ്‌ലിയ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

‘പെണ്ണായി ജീവിക്കുക എന്നത് കഠിനമായി മാറുന്ന കാലത്ത്. വര്‍ത്തമാന-സാമൂഹിക സങ്കല്‍പ്പത്തിനനുസരിച്ചുള്ളവളായി നിലകൊള്ളാന്‍
എത്ര എളുപ്പമാണ്!. ആ മനോരാജ്യത്തിനനുസരിച്ചല്ലാത്ത, ആ സങ്കല്‍പ്പനത്തിന്നു വിഭിന്നമായ, ബുദ്ധിശക്തിയും, ധൈര്യവും, ചടുലതയും, വ്യക്തതയും, സുതാര്യതയും, പ്രതികരണക്ഷമതയും, ആര്‍ജവവും നിറഞ്ഞവരെ ചുറ്റും ചുറ്റും കാണുന്നു!

നിലപാടുള്ളവരാണവര്‍, വിധേയത്വവും ആധിപത്യവുമില്ലാത്ത സൗഹാര്‍ദ്ദ തനിറഞ്ഞ മനുഷ്യരെ തേടുന്നവരാണവര്‍! ജീവിതത്തിലെടുക്കേണ്ട തീരുമാനങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാണവര്‍!

കഠിനക്കാലത്തെ അതിജീവനപാഠങ്ങള്‍, അവരെ തെളിച്ചമുള്ള രാഷ്ട്രീയക്കാരാക്കും!
അവരാണ് നിലനില്‍പ്പിനായി പൊരുതുന്നവര്‍! അനുപമ എന്ന അമ്മക്കൊപ്പമാണ്! എ.ഐ.എസ്.എഫിലെ നിമിഷക്കൊപ്പം!
നിലപാടു പൊഴിക്കുന്ന പ്രിയ്യപ്പെട്ടവര്‍ക്കൊപ്പം!,’ തഹ്‌ലിയ ഫേസ്ബുക്കില്‍ എഴുതി.

എം.ജി. യൂണിവേഴ്‌സിറ്റിയില്‍ സെനറ്റ് തെരഞ്ഞെടുപ്പിനിടെയാണ് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷം നടന്നത്. സംഭവത്തില്‍ എ.ഐ.എസ്.എഫ് സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.

അതേസമയം, അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. കുഞ്ഞിനെ അമ്മയ്ക്ക് നല്‍കുക എന്നതാണ് അഭികാമ്യമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വീണ ജോര്‍ജ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Incident where the baby was adopted. Former MSF leader Fatima Tahlia responds