ന്യൂദല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദല്‍ഹി ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് വര്‍മയുടെ വസതി സന്ദര്‍ശിച്ച് അന്വേഷണ സമിതി. സുപ്രീം കോടതി നിയമിച്ച മൂന്നംഗ സമിതിയാണ് ചൊവ്വാഴ്ച ഉച്ചയോടെ യശ്വന്ത് ശര്‍മയുടെ വസതി സന്ദര്‍ശിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി, ജസ്റ്റിസ് ഷീല്‍ നാഗു (പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ജി.എസ്. സന്ധവാലിയ (ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് അനു ശിവരാമന്‍ (കര്‍ണാടക ഹൈക്കോടതി ജഡ്ജി) എന്നിവരാണ് ദല്‍ഹിയിലെ തുഗ്ലക്ക് ക്രസന്റ് 30ല്‍ സ്ഥിതി ചെയ്യുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതി സന്ദര്‍ശിച്ചത്.
അന്വേഷണ സമിതി ജഡ്ജിമാര്‍ വീടിനുള്ളില്‍ ഏകദേശം 30 മുതല്‍ 35 മിനിറ്റ് വരെ ചെലവഴിച്ചതായും പരിസരം പരിശോധിച്ചതിനുശേഷമാണ് പുറത്തുപോയതെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദല്‍ഹി ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് വര്‍മയെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കിയതായി നേരത്തെ ഹെക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തരകമ്മിറ്റിഅന്വേഷണം നടത്തവെയാണ് യശ്വന്ത് വര്‍മയെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്. പിന്നാലെ യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്കും മാറ്റിയിരുന്നു.
ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ ഉപാധ്യായയുടെ റിപ്പോര്‍ട്ട് പ്രകാരം, മാര്‍ച്ച് 14 ന് രാത്രി ഏകദേശം 11:30 ഓടെയാണ് ജസ്റ്റിസ് വര്‍മയുടെ വസതിയിലെ സ്റ്റോര്‍ റൂമില്‍ തീപിടുത്തമുണ്ടായത്. വീട്ടുജോലിക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് വര്‍മയുടെ പേഴ്‌സണല്‍ സെക്രട്ടറിയാണ് തീപിടുത്തത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
അടുത്ത ദിവസം, ചീഫ് ജസ്റ്റിസ് ഉപാധ്യായയും ഹൈക്കോടതി രജിസ്ട്രാറും ബംഗ്ലാവ് സന്ദര്‍ശിക്കുകയും സ്ഥലം നേരിട്ട് പരിശോധിക്കുകയും ചെയ്തു. പ്രധാന താമസസ്ഥലങ്ങളില്‍ നിന്ന് വേറിട്ടാണ് സ്റ്റോര്‍റൂം സ്ഥിതി ചെയ്യുന്നതെന്നും ജസ്റ്റിസ് വര്‍മയുടെ സേവകര്‍, തോട്ടക്കാര്‍, സി.പി.ഡബ്ല്യു.ഡി ജീവനക്കാര്‍ തുടങ്ങി പരിമിതമായ ആളുകള്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
Content Highlight: Incident where money was found at the residence of a High Court judge; Investigation committee visits the residence