കൊല്ലം: കോട്ടുങ്ങല്‍ മഞ്ഞിപ്പുഴ ദേവീക്ഷേത്രത്തിലെ ആര്‍.എസ്.എസ് ഗണഗീതാലാപനത്തില്‍ പ്രാദേശിക ആര്‍.എസ്.എസ് നേതാക്കളെ കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി. ക്ഷേത്രപരിസരത്ത് ആയുധ പരിശീലനം നടത്തിയവരെ കക്ഷി ചേര്‍ക്കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.
ആര്‍.എസ്.എസ് ഗണഗീതം ക്ഷേത്രോത്സവത്തില്‍ നടത്തിയ ഗാനമേളയില്‍ ആലപിച്ചതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കക്ഷി ചേര്‍ക്കാനുള്ള ഉത്തരവ്.
സംഭവത്തില്‍ നേരത്തെ തന്നെ കടക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ക്ഷേത്രോത്സവങ്ങളില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെടുത്തേണ്ടെന്നും രാഷ്ട്രീയം കലര്‍ത്തേണ്ടെന്നും ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
കൊല്ലം മഞ്ഞിപ്പുഴ കോട്ടുക്കല്‍ ക്ഷേത്രോത്സവത്തില്‍ ഗാനമേളയില്‍ ആര്‍.എസ്.എസ് ഗണഗീതം അവതരിപ്പിച്ചുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖില്‍ ശശിയാണ് പൊലീസില്‍ പരാതി നല്‍കിയത്.
തിരുവിതാകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രത്തിലായിരുന്നു സംഭവം. അഖില്‍ ശശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലും പരാതി നല്‍കിയിരുന്നു. പിന്നാലെ ദേശഭക്തിഗാനമാണ് ആലപിച്ചതെന്നായിരുന്നു ഉത്സവ കമ്മിറ്റി വിശദീകരണം നല്‍കിയത്.
നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്സ് എന്ന ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്. 5.4.25നായിരുന്നു ഗാനമേള. കാട്ടുക്കല്‍ ടീം ഛത്രപതിയാണ് പരിപാടി സ്പോണ്‍സര്‍ ചെയ്തതെന്നും നമസ്‌ക്കരിപ്പൂ ‘ഭാരതമങ്ങേ സ്മരണയെ’ എന്ന ഗണഗീതം ഉള്‍പ്പെടെ ആലപിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Content Highlight: Incident of singing Gana Geet at Kollam temple festival; High Court orders local RSS leaders to be made party