| Friday, 27th December 2024, 9:17 am

ചെന്നൈ അണ്ണാ സര്‍വകലാശാലയില്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിനിരയായ സംഭവം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ചെന്നൈ അണ്ണാ സര്‍വകലാശാലയില്‍ വിദ്യര്‍ത്ഥിനി ലൈംഗാതിക്രമത്തിന് ഇരയാക്കപ്പെട്ട സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കേസില്‍ നടപടിയെടുക്കുന്നതിലും പെണ്‍കുട്ടിയുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതിലും ദേശീയ വനിതാ കമ്മീഷന്‍ പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചു.

കോട്ടൂര്‍പുരത്തെ ബിരിയാണി വില്‍പ്പനക്കാരനായ ജ്ഞാനശേഖരനെന്ന പ്രതി സ്ഥിരം കുറ്റവാളിയായിട്ടും പൊലീസിന് നടപടി എടുക്കാന്‍ സാധിച്ചില്ലെന്നും ഇയാള്‍ക്കെതിരെ മുമ്പും പരാതി ഉയര്‍ന്നിരുന്നതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

മുമ്പുയര്‍ന്ന പരാതികളില്‍ നടപടിയെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതിനാലാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നും കമ്മീഷന്‍ വിമര്‍ശനമുന്നയിച്ചു. തമിഴ്‌നാട്ടിലെ ക്രമസമാധാന നിലയെ കുറിച്ചും വനിതാ കമ്മീഷന്‍ ആശങ്ക ഉന്നയിച്ചു.

പെണ്‍കുട്ടിക്ക് സൗജന്യ വൈദ്യസഹായവും സംരക്ഷണവും ഉറപ്പാക്കണമെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിജയ രഹത്കര്‍ നിര്‍ദേശിച്ചു. പെണ്‍കുട്ടിയുടെ വ്യക്തിവിവരങ്ങള്‍ പരസ്യമാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും കമ്മീഷന്‍ തമിഴ്‌നാട് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.

എഫ്.ഐ.ആറില്‍, കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഭാരതീയ ന്യായ സംഹിത 2023 പ്രകാരം സെക്ഷന്‍ 71 ചേര്‍ക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

ഡിസംബര്‍ 23നാണ് അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വെച്ച് രണ്ട് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്. സുഹൃത്തിനോടൊപ്പം പള്ളിയില്‍ പോയി തിരിച്ച് വരികയായിരുന്നു പെണ്‍കുട്ടി. സര്‍വകാലാശാല ക്യാമ്പസിനുള്ളില്‍ വെച്ചായിരുന്നു അതിക്രമം. സുഹൃത്തിനെ അജ്ഞാതരായ രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കുകയും പെണ്‍കുട്ടിയെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.

Content Highlight: Incident of rape of girl in Anna University, Chennai; The National Commission for Women took the case on its own initiative

We use cookies to give you the best possible experience. Learn more