പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറിയ സംഭവം; പരാതിക്കാരിയെ ഒമ്പത് പേര്‍ പീഡിപ്പിച്ചതായി സഹോദരന്‍
Kerala News
പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറിയ സംഭവം; പരാതിക്കാരിയെ ഒമ്പത് പേര്‍ പീഡിപ്പിച്ചതായി സഹോദരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th January 2022, 11:03 am

കോട്ടയം: കറുകച്ചാലില്‍ പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറിയ കേസിലെ പരാതിക്കാരിയെ ഒമ്പത് പേരുടെ ക്രൂര പീഡനത്തിനിരയായതായി യുവതിയുടെ സഹോദരന്‍. ഏഷ്യാനെറ്റ് ന്യൂസിനോടാണ് യുവതിയുടെ സഹോദരന്‍ ഇക്കാര്യം പറഞ്ഞത്.

മറ്റൊരാളോടൊപ്പം പോകാന്‍ പരാതിക്കാരി വിസമ്മതിച്ചപ്പോള്‍ കുട്ടികളെയും ഭീഷണിപ്പെടുത്തിയതായി സഹോദരന്‍ പറഞ്ഞു. സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് സംഘത്തിലേക്ക് എത്തിച്ചതെന്നും സമ്മതിക്കാതായതോടെ ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തെന്ന് സഹോദരന്‍ പറഞ്ഞു.

അമ്മ മനസുവെച്ചാല്‍ തങ്ങള്‍ക്ക് പണക്കാരാവാമെന്ന് പ്രതി കുട്ടികളോട് പറഞ്ഞതായും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ആദ്യം ഒരു തവണ ഇതുപോലെ നിര്‍ബന്ധിച്ചപ്പോള്‍ ഇയാള്‍ക്കെതിരെ കേസ് കൊടുത്തിരുന്നു എന്നാല്‍ അത് തമാശയ്ക്ക് പറഞ്ഞതാണെന്ന് കാണിച്ച് പിന്‍വലിപ്പിച്ചെന്നും സഹോദരന്‍ പറഞ്ഞു.

തന്റെ സഹോദരിയെ പോലെ ഒരുപാട് പേര്‍ ഇവരുടെ ഭീഷണി ഭയന്ന് കഴിയുന്നുണ്ടെന്നും അതില്‍ നിന്ന് പുറത്ത് വരാന്‍ പറ്റാത്തവിധം കെണിയിലകപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 6 പേരാണ്. ഇതിനിടെ വിദേശത്തേക്ക് കടന്നയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് പങ്കാളികളെ കൈമാറുന്ന സംഘത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘത്തിന്റെ പ്രവര്‍ത്തനം. കപ്പിള്‍ മീറ്റ് അപ്പ് എന്ന ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവര്‍ത്തനം നടന്നിരുന്നതെന്ന് പൊലിസ് പറഞ്ഞു.

വിവിധ ഗ്രൂപ്പുകളിലായി ആയിരത്തോളം ദമ്പതികളാണുള്ളത്. ഇത്തരത്തിലുള്ള ഗ്രൂപ്പുകള്‍ വഴിയാണ് ഇവര്‍ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതാണ് പതിവ്.

വ്യാജ പേരുകളിലാണ് ഇവര്‍ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തനം നടത്തുന്നത്. 31, 27 എന്ന പേരിലുള്ള അക്കൗണ്ട് ആണെങ്കില്‍ അതിനര്‍ത്ഥം 31 വയസുള്ള ഭര്‍ത്താവും 27 വയസുള്ള ഭാര്യയുമാണെന്നാണ്. ഇത്തരത്തിലുള്ള ഗ്രൂപ്പുകളില്‍ ഭാര്യാഭര്‍ത്തക്കന്മാര്‍ മാത്രമല്ല ഉള്ളത്. കമിതാക്കളും ഉള്‍പ്പെടുന്നുണ്ട്.

നിലവില്‍ പിടിയിലായവര്‍ക്കെതിരെ ബലാത്സംഗം, പ്രേരണ കുറ്റം, പ്രേരകന്റെ സാന്നിധ്യം, പ്രകൃതി വിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പണം വാങ്ങിയാണ് ഭാര്യമാരെ പര്‌സപരം കൈമാറികൊണ്ടിരുന്നത്. വലിയ സംഘങ്ങളാണ് ഇതിന് പിന്നിലുള്ളതെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ 25 പേരാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്. സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരും ഈ സംഘത്തിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

അന്വേഷണം സംസ്ഥാന വ്യാപകമായി വിപുലപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Incident of money laundering and transfer of partners to each other; The brother said that the complainant was molested by nine people