ജലന്ധര്‍: ഇന്നലെ ആം ആദ്മി നേതാവിന് പഞ്ചാബിലെ ജലാലാബാദില്‍ വെച്ച് വെടിയേറ്റ സംഭവത്തിന് പിന്നില്‍ ശിരോമണി അകാലി ദള്‍ പാര്‍ട്ടിയെന്ന് ആം ആദ്മി. കഴിഞ്ഞ ദിവസം ഇരു പാര്‍ട്ടികളും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് എ.എ.പി സ്ഥാനാര്‍ത്ഥിയായ മന്‍ദീപ് സിങ് ബ്രാറിന് വെടിയേല്‍ക്കുന്നത്.
വരാനിരിക്കുന്ന പഞ്ചാബിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ആം ആദ്മി സ്ഥാനാര്‍ത്ഥിയാണ് മന്‍ദീപ് സിങ് ബ്രാര്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മീറ്റിങ്ങിനിടെയാണ് അദ്ദേഹത്തിന് നെഞ്ചില്‍ വെടിയേല്‍ക്കുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഇന്‍ഡ്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
മന്‍ദീപ് സിങ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് ഓഫീസിനുപുറത്തെത്തിയപ്പോഴാണ് അകാലി ദളില്‍ നിന്നുള്ള ഒരാള്‍ ലൈസന്‍സുള്ള ആയുധം ഉപയോഗിച്ച് അദ്ദേഹത്തിനെ വെടിവച്ചതെന്ന് സംസ്ഥാന പഞ്ചായത്തിരാജ് മന്ത്രിയും ആംആദ്മി നേതാവുമായ തരൂണ്‍ പ്രീത് സിങ് പ്രതികരിച്ചു. കൂടാതെ സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയും അകാലി ദള്ളും സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ തരൂണ്‍ പ്രീത് ഈക്കൂട്ടര്‍ എ.എ.പിയെ പിന്തുണയ്ക്കുന്ന ആരെയും ഭീഷണിപ്പെടുത്തുമെന്നും കൂട്ടിച്ചേര്‍ത്തു.
‘അകാലി ദളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി അനധികൃതമായി പഞ്ചായത്ത് ഭൂമി കൈയടക്കി വെച്ചിരിക്കുകയായിരുന്നു. അതിനെ സംബന്ധിച്ചുള്ള കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. എന്നാല്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥി(ആം ആദ്മി) ഈകാര്യം ചൂണ്ടിക്കാട്ടി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അകാലി ദള്‍ പ്രവര്‍ത്തകര്‍ നീയാരാടാ ഞങ്ങളുടെ നാമനിര്‍ദേശം ചോദ്യം ചയ്യാന്‍ എന്ന് ചോദിച്ച് വെടിയുതിര്‍ക്കുകയായിരുന്നു,’ സംഭവസ്ഥലത്തുണ്ടായിരുന്ന ജലാലാബാദ് എ.എ.പി എം.എല്‍.എ ജഗ്ദീപ് കാംബോജ് പറഞ്ഞു.