|

പാല ബിഷപ്പ് ഹൗസില്‍ കപ്പ നടാന്‍ കുഴിയെടുക്കുമ്പോള്‍ വിഗ്രഹം കണ്ടെത്തിയ സംഭവം; അവകാശ വാദമുന്നയിച്ച് ക്ഷേത്ര കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പാല അരമനയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ അവകാശവാദമുന്നയിച്ച് വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഭാരവാഹികള്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് ക്ഷേത്രമുണ്ടായിരുന്നതായാണ് ക്ഷേത്രഭാരവാഹികളുടെ അവകാശ വാദം. ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തിൽ പ്രദേശത്ത് പ്രത്യേക പൂജയും പ്രാര്‍ത്ഥനകളും നടത്തി.

കഴിഞ്ഞ ദിവസമാണ് പാല അരമനയുടെ ഉടമസ്ഥതതിയിലുള്ള ഭൂമിയില്‍ കപ്പകൃഷിക്കായി നിലമൊരുക്കുന്നതിനിടയില്‍ രണ്ട് വിഗ്രഹങ്ങളും ചില കല്ലുകളും പ്രത്യക്ഷപ്പെട്ടത്. വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തണ്ടളത്ത് തേവര്‍ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രവും ആരാധനയും നടന്നിരുന്നതായാണ് ക്ഷേത്രഭാരവാഹികളുടെ അവകാശ വാദം.

കൂത്താപ്പാടി ഇല്ലം വകയായിരുന്ന ക്ഷേത്രം ഇല്ലം ക്ഷയിച്ചതോടെ അന്യാധീനപ്പെടുകയായിരുന്നു എന്നും ക്ഷേത്രഭാരവാഹികള്‍ പറയുന്നു. സമീപത്തുള്ള എല്ലാവര്‍ക്കും നേരത്തെ ഇവിടെയൊരു ക്ഷേത്രമുണ്ടായിരുന്നതായി അറിയാമെന്നും നാമാവശേഷമായ രീതിയിലായിരുന്നു ക്ഷേത്രമുണ്ടായിരുന്നത് എന്നും ക്ഷേത്രഭാരവാഹികള്‍ പറയുന്നു.

ഇല്ലം ക്ഷയിച്ചതിന് പിന്നാലെ ഈ ഭൂമി ചില കുടുംബങ്ങള്‍ പാട്ടത്തിനെടുത്തെന്നും പാട്ടത്തിനെടുത്തവര്‍ പിന്നീട് കൈയേറ്റം നടത്തുകയും ചെയ്തു എന്നും ക്ഷേത്രഭാരവാഹികള്‍ പറയുന്നു. ഈ രീതിയില്‍ കൈയേറിയവരാണ് പാല ബിഷപ് ഹൗസിന് ഈ ഭൂമി വില്‍പന നടത്തിയത് എന്നും ക്ഷേത്രഭാരവാഹികള്‍ ആരോപിക്കുന്നു.

എന്നാല്‍ ആറ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വെള്ളാപ്പാട് ക്ഷേത്രത്തില്‍ നടന്ന താംബൂല പ്രശ്‌നത്തില്‍ ജ്യോതിഷി ചോറോട് ശ്രീനാഥ് പണിക്കര്‍ ഇതുപോലൊരു സംഭവമുണ്ടാകുമെന്ന് പറഞ്ഞിരുന്നതായും ക്ഷേത്രഭാരവാഹികള്‍ അവകാശപ്പെടുന്നു,

നേരത്തെ പലതവണ കൈമറിഞ്ഞ് ഈ ഭൂമി വെട്ടത്ത് കുടുംബം എന്ന കുടുംബത്തില്‍ നിന്നാണ് പാല അരമന വാങ്ങുന്നത്. ഭൂമിയുടെ ഉടമസ്ഥാവകശം സംബന്ധിച്ച് നിലവില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്ന് പൊലീസും റവന്യൂ അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. ഹൈന്ദവ ആചാര പ്രകാരം വിഗ്രഹം മാറ്റിസ്ഥാപിക്കുന്നതിന് സഹായം ചെയ്യുമെന്ന് പാല അരമനയും വ്യക്തമാക്കുന്നു. വിഗ്രഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ഉള്‍പ്പടെ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

Content Highlight: Incident of discovery of idol while digging to plant Kappa in Pala Bishop’s House; The temple committee argued the right