വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവം; ബുൾഡോസർ നീതി കേരളത്തിൽ വേണ്ട; വ്യാപക വിമർശനം
Kerala
വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവം; ബുൾഡോസർ നീതി കേരളത്തിൽ വേണ്ട; വ്യാപക വിമർശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th July 2024, 9:02 am

തിരുവമ്പാടി: കെ.എസ്.ഇ.ബി ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതികളുടെ വീട്ടിലേക്കുള്ള വൈദ്യതി ബന്ധം വിച്ഛേദിച്ച നടപടിക്കെതിരെ വ്യാപകമായി വിമർശനം. കെ.എസ്.ഇ.ബി ചെയർമാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പഠിക്കുകയാണോ എന്ന ചോദ്യവുമായി സാമൂഹ്യ പ്രവർത്തകനായ കെ.ജെ. ജേക്കബും അഭിഭാഷകനായ പ്രമോദ് പുഴങ്കരയും മുന്നോട്ടെത്തി.

പൊലീസ് എഫ്.ഐ.ആറിൽ പേര് വന്നു എന്നതിന്റെ അടിസ്ഥാനത്തിൽ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാനുള്ള ഉത്തരവിടാൻ കെ.എസ്.ഇ.ബി ചെയർമാനായ ബിജു പ്രഭാകരന് ആരാണ് അധികാരം നൽകിയതെന്ന് കെ.ജെ. ജേക്കബ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ചോദിച്ചു.

രണ്ട് വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ടെന്നും അത് തിരികെ നൽകണമെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ബില്ലടക്കാത്തതിനാലല്ല വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബിൽ അടക്കാത്തതിനാൽ തിരുവമ്പാടി ഉള്ളാട്ടിൽ അബ്ദുൽ റസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നെന്നും എന്നാൽ പണം അടച്ചതിന് ശേഷം വീണ്ടും വിച്ഛേദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ പണമടക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിക്കാൻ വന്ന ലൈൻമാനെ അബ്ദുൽ റസാഖിന്റെ മക്കൾ കയ്യേറ്റം ചെയ്തിരുന്നു. പിന്നാലെ കെ.എസ്.ഇ.ബി ഓഫീസ് ആക്രമിക്കുകയും ചെയ്തിരുന്നു. ഇവർക്കെതിരെ കേസ് എടുക്കുകയും ശിക്ഷ നൽകുകയും വേണം. എന്നാൽ അതിനുള്ള മാർഗം ഇത്തരത്തിൽ ഏകാധിപത്യം കാണിക്കുന്നതല്ലെന്ന് കെ .ജെ.ജേക്കബ് കൂട്ടിച്ചേർത്തു.

തെറ്റ് ചെയ്ത വ്യക്തിക്ക് പകരം കുടുംബത്തെ മുഴുവൻ ആക്രമിക്കുന്ന യു. പി മോഡൽ നിയമവാഴ്ച അംഗീകരിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിയുടെ വീട് തകർക്കുന്ന ബുൾഡോസർ നീതി കേരളത്തിൽ വേണ്ട എന്ന വിമർശനവുമായാണ് അഭിഭാഷകനായ പ്രമോദ് പുഴങ്കര മുന്നോട്ടെത്തിയത്. ആശുപത്രിയിൽ അക്രമം കാണിച്ചാൽ അവനിനി ചികിത്സ ഇല്ലെന്നാണോ ഈ നീതിയുടെ യുക്തി എന്നും അദ്ദേഹം ചോദിച്ചു.

ബില് അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കാം എന്നാൽ കെ.എസ്.ഇ.ബി ഓഫീസ് തകർത്തു എന്നതിന്റെ പേരിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന പുതിയ നിയമം കൊണ്ടുവരാൻ കെ.എസ്.ഇ.ബി ക്ക് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെ.എസ്.ഇ.ബി ആക്രമണത്തിന് പിന്നാലെയാണ് ഇത്തരം പ്രവർത്തി ചെയ്തതെന്നും കേൾക്കുമ്പോൾ നന്നായെന്ന് ജനങ്ങൾക്ക് തോന്നിയേക്കാവുന്ന ഒരു വിഷയമാണിതെന്നും എന്നാൽ ഇത് പ്രതികളുടെ വീട് ഇടിച്ച് നിരത്തുന്ന ബുൾഡോസർ നീതിക്ക് സമമാണെന്നും പ്രമോദ് പറഞ്ഞു.

ഇതിലൂടെ ജനാധിപത്യ മൂല്യങ്ങളാണ് തഴയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നീതിയെക്കുറിച്ചുള്ള സങ്കൽപനങ്ങൾ ജനാധിപത്യമൂല്യബോധത്തിലുള്ളതാക്കുക എന്നത് കയ്യൊഴിയാൻ എളുപ്പമാണ്, തിരിച്ച് പിടിക്കുക എന്നത് ദുഷ്കരവുമാണ്,’ അദ്ദേഹം എഴുതി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കരെതിരെ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീടിന്റെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് വൈദ്യുതി മക്കളായ അജ്മലും ഷഹാദും ലൈൻമാൻ പ്രശാന്തിനെ കയ്യേറ്റം ചെയ്തിരുന്നു. ഇതിനെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പ്രതികാരമെന്ന നിലക്ക് കെ .എസ്.ഇ.ബി ചെയർമാനായ ബിജു പ്രഭാകർ അവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ഉത്തരവ് നൽകുകയായിരുന്നു.

ഇത് മറ്റൊരു യു.പി മോഡൽ ആണെന്ന് ധാരാളം വിമർശനങ്ങൾ ഉയർന്നിട്ടുണ്ട് . അതോടൊപ്പം കണക്ഷൻ വിച്ഛേദിച്ചതിന്റെ പിന്നാലെ അബ്ദുൽ റസാഖും ഭാര്യ മറിയയും മെഴുകുതിരി കത്തിച്ച് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. തുടർന്ന് കുഴഞ്ഞ് വീണ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തന്റെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചത് അംഗീകരിക്കാനാവില്ലെന്ന് അബ്ദുൽ റസാഖ് പറഞ്ഞു.

 

 

Content Highlight:  incident of disconnection of  electricity connection in thiruvambaadi kseb