താനൂരില്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് പ്രതി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു
Kerala News
താനൂരില്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് പ്രതി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st August 2023, 12:14 pm

താനൂര്‍: മലപ്പുറം താനൂരില്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് പ്രതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സി ബാബുവിനാണ് അന്വേഷണ ചുമതല.

തിരൂരങ്ങാടി മമ്പുറം സ്വദേശി താമിര്‍ ജിഫ്രിയാണ് മരിച്ചത്. 18 ഗ്രാം എം.ഡി.എം.എയുമായാണ് താനൂര്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇന്ന് പുലര്‍ച്ചയോട് കൂടിയാണ് മരണം സംഭവിച്ചത്. കസ്റ്റഡിയിലിരിക്കെ മരിച്ചതിന് ശേഷമാണ് ആശുപത്രിയിലേക്ക് എത്തിച്ചതെന്നാണ് ആരോപണം. സ്റ്റേഷനില്‍ എത്തിച്ച ഉടന്‍ കുഴഞ്ഞു വീഴുകയും ഉടനെ ആശുപത്രിയിലെത്തിച്ചെന്നുമാണ് പൊലീസ് പറയുന്നത്.

പൊലീസ് സ്റ്റേഷനു മുന്നില്‍ മുസ്‌ലിം ലീഗിന്റെ പ്രതിഷേധവുമുണ്ടായിരുന്നു. ആര്‍.ഡി.ഒ എത്തിയതിന് ശേഷമാണ് ഇന്‍ക്വസ്റ്റ് നടപടികളുണ്ടാവുക. അതിന് ശേഷം മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടപടിയുണ്ടാവും.

content highlights: Incident of death at police station in Tanur; A case of unnatural death has been registered