|

പാലാരിവട്ടത്ത് ട്രാന്‍സ് വുമണിനെ അതിക്രൂരമായി മര്‍ദിച്ച സംഭവം; ഞെട്ടിക്കുന്നതും അപലപനീയവുമെന്ന് ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാലാരിവട്ടത്ത് ട്രാന്‍സ് വുമണിനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവം ഞെട്ടിക്കുന്നതും അപലപനീയവുമാണെന്ന് ഡി.വൈ.എഫ്.ഐ. പാലാരിവട്ടത്ത് ട്രാന്‍സ് വുമണിനെതിരായി ഉണ്ടായ ആക്രമണത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തുന്നതായും പറഞ്ഞു.

എല്ലാ പൗരന്മാരെ പോലെ സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാനും തൊഴിലെടുക്കാനുമുള്‍പ്പെടെയുള്ള അവകാശം അവര്‍ക്കുണ്ടെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.

‘സാമൂഹ്യമായി ഏറെ വളര്‍ന്ന നമ്മുടെ സംസ്ഥാനത്ത് ഇന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് മനുഷ്യത്വ രഹിതമായി പെരുമാറുന്ന ചിലരുണ്ട്. എല്ലാ പൗരന്മാരെ പോലെയും ഈ സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാനും, തൊഴിലെടുക്കാനും, സഞ്ചരിക്കാനുമുള്ള അവകാശം അവര്‍ക്കുണ്ട്,’ ഡി.വൈ.എഫ്.ഐ ഫേസ്ബുക്കില്‍ കുറിച്ചു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജീവിത സാഹചര്യം ഒരുക്കുന്ന കാര്യത്തില്‍ കേരളം എന്നും മുന്നിലാണെന്നും പ്രത്യേക ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്നും ഡി.വൈ.എഫ്.ഐ കൂട്ടിച്ചേര്‍ത്തു.

വിവിധ മേഖലകളില്‍ ഇവരുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്ന നടപടികള്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അത്തരത്തില്‍ ഏറെ പുരോഗമിച്ച ഒരു സമൂഹത്തില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നികൃഷ്ടമായ ആക്രമണമാണ് പാലാരിവട്ടത്ത് ഉണ്ടായിരിക്കുന്നതെന്നും സംഘടന പറഞ്ഞു.

ഈ സംഭവത്തില്‍ പ്രതികള്‍ റിമാന്‍ഡില്‍ ആയിട്ടുണ്ടെന്നും ഇവര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പുവരുത്തണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെ നടക്കുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങളെ ഇല്ലാതാക്കുന്ന സാമൂഹ്യ അവബോധത്തിലേക്ക് നാം മാറേണ്ടതുണ്ടെന്നും ഇത്തരം ആക്രമണങ്ങള്‍ ഒരുതരത്തിലും നീതീകരിക്കാന്‍ വേണ്ടി കഴിയാത്തതാണെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

വെളളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാക്കനാട് സ്വദേശിയായ ട്രാന്‍സ് വുമണിന് മര്‍ദനമേറ്റത്. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. സുഹൃത്തിനെ കാത്തുനില്‍ക്കുന്നതിനിടെയായിരുന്നു ആക്രമണം.

മര്‍ദനത്തില്‍ ട്രാന്‍സ് വുമണിന്റെ കൈക്കും ഇരു കാലുകള്‍ക്കും സാരമായി പരിക്കേറ്റിരുന്നു. മര്‍ദനം സഹിക്കവയ്യാതെ ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ രണ്ട് പേരെ റിമാഡ് ചെയ്തിരുന്നു.

Content Highlight: Incident of brutal beating of trans woman in Palarivattat; Shocking and reprehensible, says DYFI