| Monday, 2nd September 2024, 6:45 pm

മുസ്‌ലിം വയോധികനെ ട്രെയിനില്‍ ആക്രമിച്ച സംഭവം; അറസ്റ്റിലായതിന് തൊട്ടുപിന്നാലെ യുവാക്കള്‍ക്ക് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ഓടുന്ന ട്രെയിനില്‍ വെച്ച് മുസ്‌ലിം വയോധികനെ അതിക്രമിച്ചതില്‍ യുവാക്കള്‍ക്ക് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ജാമ്യം. ഹാജി അഷ്റഫ് മണിയാര്‍ എന്ന വൃദ്ധനെയാണ് ട്രെയിനില്‍ വെച്ച് യുവാക്കള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്.

ഇതിനുപിന്നാലെ അറസ്റ്റിലായ നാല് യുവാക്കള്‍ക്കാണ് നിലവില്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. ബീഫ് കടത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പ്രതികള്‍ വയോധികനെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയുമായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ തന്നെയാണ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. വീഡിയോയില്‍, യുവാക്കള്‍ വയോധികനെ ആക്രമിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ കാണാവുന്നതാണ്.

തുടര്‍ന്ന് വയോധികന്‍ നല്‍കിയ പരാതിയില്‍ താനെ റെയില്‍വേ പൊലീസാണ് യുവാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ യുവാക്കളെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

15,000 രൂപ ജാമ്യത്തുകയായി കെട്ടിവെച്ചാണ് യുവാക്കള്‍ പുറത്തിറങ്ങിയത്. ഇതിനുപിന്നാലെ വ്യാപക വിമര്‍ശനങ്ങളാണ് മഹാരാഷ്ട്ര സര്‍ക്കാരിനെതിരെയും റെയില്‍വേ പൊലീസിനെതിരെയും ഉയരുന്നത്.

വിദ്വേഷ കുറ്റകൃത്യം, ആള്‍ക്കൂട്ട ആക്രമണം, കവര്‍ച്ച, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്ന് വയോധികന്‍ പരാതിയില്‍ ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എഫ്.ഐ.ആറില്‍ പ്രതികള്‍ക്കെതിരെ ഈ വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നും ഇത് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാൻ കാരണമായെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം വയോധികനെ ആക്രമിച്ച യുവാക്കളില്‍ ഭൂരിഭാഗം പേരും നിലവില്‍ ഒളിവിലാണെന്നും ഈ പശ്ചാത്തലത്തിലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്നുമാണ് പൊലീസ് നടപടിക്കെതിരെ ഉയരുന്ന മറ്റൊരു വിമര്‍ശനം.

ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വയോധികനെ അതിക്രമിച്ച യുവാക്കളില്‍ ഒരാള്‍ എസ്.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്റെ മകന്‍ ആണെന്നാണ് സൂചന. പൊലീസ് റിക്രൂട്ട് പരീക്ഷ എഴുതാന്‍ മുബൈയിലേക്ക് പോകുകയായിരുന്ന സംഘമാണ് വയോധികനെ ആക്രമിച്ചിട്ടുള്ളത്.

Content Highlight: Incident of attack on Muslim elderly man in train; Youth granted bail soon after arrest

We use cookies to give you the best possible experience. Learn more