കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ ഓടയില്‍ വീണ് വിദേശപൗരന് പരിക്കേറ്റ സംഭവത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവം കേരളത്തിന് നാണക്കേടാണെന്ന് ഹൈക്കോടതി പറഞ്ഞു.
വിദേശപൗരന് പരിക്കേറ്റത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
മറ്റ് ഇടങ്ങളില്‍ നിന്ന് വരുന്നവര്‍ കേരളത്തെ കുറിച്ചും കൊച്ചിയെ കുറിച്ചും എന്താണ് ചിന്തിക്കുക എന്നും കോടതി ചോദിച്ചു.
സംഭവം ടൂറിസം മാപ്പില്‍ കേരളത്തെ തന്നെ ബാധിക്കുന്ന കാര്യമല്ലേയെന്നും ഹൈക്കോടതി ചോദ്യം ഉന്നയിച്ചു. വിഷയം കൊച്ചിയെ മാത്രം ബാധിക്കുന്നതല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞയാഴ്ചയാണ് കൊച്ചിയിലെ ഓടയില്‍ വീണ് വിദേശ പൗരന് പരിക്ക് സംഭവിച്ചത്. പുതുക്കി പണിയുന്നതിനായി തുറന്നിട്ടിരുന്ന ഓടയിലാണ് വിദേശ പൗരന്‍ വീണത്.
തുടര്‍ന്ന് അദ്ദേഹത്തിന്റെ തുടയെല്ല് പൊട്ടി പരിക്കും സംഭവിച്ചിരുന്നു. കസ്റ്റംസ് ബോട്ടുജട്ടിയില്‍ നടപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്.
ഫ്രാന്‍സില്‍ നിന്ന് കേരളത്തില്‍ ചികിത്സയ്ക്കായി എത്തിയ ആളാണ് അപകടത്തില്‍ പെട്ടത്. ഓടയില്‍ വീണ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.