| Friday, 20th August 2021, 11:29 am

കര്‍ഷക സമരത്തില്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം; ബി.ജെ.പി മുന്‍ എം.എല്‍.എ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫിറോസ്പൂര്‍: കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി മുന്‍ എം.എല്‍.എ പാര്‍ട്ടി വിട്ടു. പഞ്ചാബില്‍ നിന്നുള്ള ബി.ജെ.പി മുന്‍ എം.എല്‍.എ സുഖ്പാല്‍ സിംഗ് നന്നുവാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

കാര്‍ഷിക നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ സമരക്കാര്‍ മരിക്കാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുഖ്പാല്‍ പാര്‍ട്ടിവിട്ടത്. സമരം ചെയ്യുന്നവര്‍ മരണപ്പെടുന്നതില്‍ തന്റെ അനുയായികള്‍ നിരാശരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

താന്‍ ഉടനെ ഒരു പാര്‍ട്ടിയിലേക്കും ഇല്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നതിന് അനുസരിച്ച് മാത്രമേ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ ശിരോണിമണി അകാലിദളുമായി സഹകരിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ദക്ഷിണ പഞ്ചാബിലെ ബി.ജെ.പിയുടെ സുപ്രധാനനേതാക്കളില്‍ ഒരാളാണ് സുഖ്പാല്‍ സിങ് നന്നു. സുഖ്പാലിന്റെ രാജിയെ തുടര്‍ന്ന് കനത്ത പ്രതിസന്ധിയാണ് സംസ്ഥാന ബി.ജെ.പിയില്‍ ഉണ്ടായിരിക്കുന്നത്.

പഞ്ചാബ് ബി.ജെ.പി വക്താവ് അനില്‍ സരീന്‍ സുഖ്പാല്‍ സിംഗുമായി ചര്‍ച്ച നടത്തിയെങ്കിലും രാജിവെയ്ക്കാനുള്ള തീരുമാനവുമായി സുഖ്പാല്‍ മുന്നോട്ട് പോകുകയായിരുന്നു.

പഞ്ചാബ് ബി.ജെ.പി പ്രസിഡന്റ് അശ്വനി ശര്‍മ്മയാണ് നിലവിലെ സാഹചര്യത്തിന്  കാരണമെന്നും സംസ്ഥാനത്തിന്റെ വികാരം കൃത്യമായി കേന്ദ്ര നേതൃത്വത്തെ അറിയിക്കുന്നതില്‍ പരാജയപ്പെട്ടെന്നും സുഖ്പാല്‍ പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയത് മുതല്‍ അതിനെ എതിര്‍ത്ത് സംസാരിച്ച ഏകവ്യക്തി താനാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ ഇത് ഗുണകരമാണെങ്കിലും പഞ്ചാബ് പോലുള്ളയിടത്ത് ഇത് തീര്‍ത്തും വിനാശകരമാണന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Incident in which activists were killed during a farmers’ strike; Former BJP MLA resigns from party

We use cookies to give you the best possible experience. Learn more