മദ്യ മാഫിയക്കെതിരെ പരാതി നല്‍കിയ പിറ്റേദിവസം മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം: യു.പി. പൊലീസിന് ഗുരുതര വീഴ്ചയെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്
national news
മദ്യ മാഫിയക്കെതിരെ പരാതി നല്‍കിയ പിറ്റേദിവസം മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം: യു.പി. പൊലീസിന് ഗുരുതര വീഴ്ചയെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th June 2021, 8:25 am

ലഖ്‌നൗ: യു.പിയില്‍ എ.ബി.പി. ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ സുലഭ് ശ്രീവാസ്തവ കൊല്ലപ്പെട്ടതില്‍ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്. ജീവന് ഭീഷണിയുണ്ടെന്ന പരാതിയുണ്ടായിട്ടും പൊലീസ് കേസ് പരിഗണിച്ചില്ലെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് കുറ്റപ്പെടുത്തി.

യൂ.പി. പൊലിസിന്റെ വീഴ്ച ഞെട്ടിക്കുന്നതാണെന്നും വിമര്‍ശനത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാണുന്നതെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ജൂണ്‍ ഒമ്പതിനാണ് മദ്യമാഫിയക്കെതിരായ സുലഭിന്റെ റിപ്പോര്‍ട്ട് എ.ബി.പി. ന്യൂസ് പ്രസിദ്ധീകരിക്കുന്നത്. ഇതിന് ശേഷം നിരന്തരം തനിക്ക് ഭീഷണി സന്ദേശം വരുന്നതായി സുലഭ് പറഞ്ഞിരുന്നു.

തന്നെയാരോ പിന്തുടരുന്നതായി സംശയിക്കുന്നുവെന്നും സുലഭ് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് ശനിയാഴ്ചയാണ് സുലഭ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയെ പൊലീസ് അവഗണിക്കുകയായിരുന്നെന്നും ഗില്‍ഡ് വ്യക്തമാക്കി.

മദ്യ മാഫിയകള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പറഞ്ഞ് പരാതി നല്‍കിയതിന് പിറ്റേദിവസമായിരുന്നു സുലഭ് കൊല്ലപ്പെട്ടത്. അപകടസ്ഥലത്ത് നിന്ന് ലഭിച്ച ഫോട്ടോഗ്രാഫുകള്‍ ദുരൂഹത ജനിപ്പിക്കുന്നതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.

സുലഭിന്റെ മുഖത്ത് പരിക്കേറ്റതായാണ് ചിത്രത്തില്‍ കാണുന്നത്. സുലഭിന്റെ ഷര്‍ട്ട് അഴിച്ച നിലയിലും പാന്റ് താഴെക്ക് വലിച്ച നിലയിലുമാണ് ഫോട്ടോയിലുള്ളത്.

അതേസമയം, പ്രഥമദൃഷ്ട്യാ സുലഭിന്റേത് അപകടമരണമാണെന്നാണ് പൊലീസ് ഭാഷ്യം. മറ്റ് വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞിരുന്നു.
കല്ലില്‍ തട്ടി സുലഭിന്റെ ബൈക്ക് മറിയുകയായിരുന്നെന്നും രാത്രിയായിരുന്നു അപകടമെന്നും പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Incident in which a journalist was killed The Editors’ Guild called the UP police a serious omission