| Monday, 23rd May 2022, 9:09 am

സമ്മാനം പ്രഖ്യാപിച്ചത് വോട്ടര്‍മാരെ സ്വാധീനിക്കാനല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍: ഇന്‍കാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃക്കാക്കര: തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ഉമാ തോമസിന് ഏറ്റവും കൂടുതല്‍ വോട്ട് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് പാരിതോഷികം പ്രഖ്യാപിച്ചതില്‍ വിശദീകരണവുമായി കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് യൂത്ത് വിങ്.

ഉമാ തോമസിന് ഏറ്റവുമധികം വോട്ട് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത് വിവാദമായതോടെയാണ് വിശദീകരണവുമായി ഇന്‍കാസ് രംഗത്തെത്തിയത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്‍കാന്‍ വേണ്ടി മാത്രമാണ് പാരിതോഷികം പ്രഖ്യാപിച്ചതെന്നാണ് വിശദീകരണം.

വിദേശത്ത് നിന്നുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കാളികളാകാന്‍ സാധിക്കാത്തതിനാലാണ് ബൂത്ത് തലത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ സ്‌നേഹസമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്നും സദുദ്ദേശത്തോട് കൂടിയാണ് ഇത് ചെയ്തതെന്നും വിശദീകരണത്തില്‍ പറയുന്നു.

വോട്ടര്‍മാരെ നേരിട്ട് സ്വാധീനിക്കാനോ പാരിതോഷികങ്ങള്‍ നല്‍കാനോ ശ്രമിച്ചിട്ടില്ലെന്നും ഇന്‍കാസ് വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രസ്ഥാനത്തെയോ സ്ഥാനാര്‍ത്ഥിയെയോ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇന്‍കാസ് യൂത്ത് വിങ് യു.എ.ഇ കമ്മിറ്റി ഏറ്റെടുക്കുന്നതായും അവര്‍ വ്യക്തമാക്കി.

അതേസമയം ഇന്‍കാസിനെതിരെ എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എം.സ്വരാജ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ക്കും റിട്ടേണിങ് ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

ബൂത്ത് കമ്മിറ്റി അംഗങ്ങള്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ കൂടിയായതിനാല്‍, ഉമാ തോമസിന്റെ ഫോട്ടോ വെച്ചുകൊണ്ടുള്ള പരസ്യം വോട്ടിന് പണം വാഗ്ദാനം ചെയ്യുന്നതിന് തുല്യമാണെന്നും പരാജയം ഉറപ്പായപ്പോള്‍ അവിശുദ്ധ മാര്‍ഗങ്ങള്‍ തേടാന്‍ യുഡിഎഫ് ദയനീയമായി നിര്‍ബന്ധിതരായിരിക്കുകയാണെന്നുമായിരുന്നു സ്വരാജ് പരാതിയില്‍ പറഞ്ഞത്.

എന്നാല്‍, സ്വരാജ് നല്‍കിയ പരാതിയെ നിയമപരമായി തന്നെ നേരിടുമെന്ന് ഇന്‍കാസ് യൂത്ത് വിങ് യു.എ.ഇ ഘടകം പ്രസിഡന്റ് ഹൈദര്‍ തട്ടത്താഴത്ത്, ജനറല്‍ സെക്രട്ടറി ജിജോ ചിറക്കല്‍ എന്നിവര്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ഇന്‍കാസ് യൂത്ത് വിങ്ങിന്റെ യു.എ.ഇ കമ്മിറ്റി പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയത്. സ്നേഹ സമ്മാനമെന്ന പേരിലുള്ള വാഗ്ദാനം കഴിഞ്ഞദിവസങ്ങളില്‍ കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.

വിവാദമായെങ്കിലും സമൂഹമാധ്യമങ്ങളില്‍ നിന്നും ഇന്‍കാസ് പോസ്റ്റര്‍ നീക്കം ചെയ്തിട്ടില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും, തൃത്താലയില്‍ വി.ടി ബല്‍റാമിന് കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്തിന് 21,001 രൂപ സമ്മാനമായി ഇന്‍കാസ് വാഗ്ദാനം ചെയ്തിരുന്നു.

Content Highlight: INCAS youth wing UAE explanation on declaring cash prize for booth committee that poll highest number of votes for Uma Thomas in by election

We use cookies to give you the best possible experience. Learn more