ജമ്മു: 29 വർഷം മുമ്പുള്ള കശ്മീർ സ്വദേശിയുടെ കൊലപാതകത്തിന് ഉത്തരം കണ്ടെത്താനാവാത്ത സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അന്വേഷണത്തിന് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കാൻ ജമ്മു കശ്മീർ സർക്കാരിനോട് കോടതി ഉത്തരവിട്ടതായി ദി വയർ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മൂന്ന് വർഷമായി കേസ് ഇഴഞ്ഞ് നീങ്ങുകയാണെന്നും ഇരയുടെ ഭാര്യയായ ജമീല ബീഗം നീതിക്കായി ഇന്നും അലയുകയാണെന്നും കോടതി നിരീക്ഷിച്ചു. എസ്.ഐ.ടിയുടെ തലവനായ ശ്രീനഗർ (നോർത്ത്) പൊലീസ് സൂപ്രണ്ട് കാര്യപ്രാപ്തിയില്ലാത്ത വ്യക്തിയാണെന്നും കോടതി വിമർശിച്ചു.
‘ക്രമസമാധാനവും മറ്റ് ഔദ്യോഗിക ചുമതലകളും അന്വേഷണ ഏജൻസിക്ക് പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും ഈ വിഷയത്തിൽ എസ്.ഐ.ടി കാണിക്കുന്നത് അലംഭാവമാണ്. അതിനാൽ നോർത്ത് എസ്.പിയെ മാറ്റി പുതിയ എസ്.പിയെയോ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെയോ നിയമിക്കാൻ സർക്കാർ തയാറാകണം,’ ജസ്റ്റിസ് സഞ്ജയ് ധറിൻ്റെ ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടു.
പുതുതായി നിയമിക്കുന്ന ഉദ്യോഗസ്ഥൻ രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.
1990കളുടെ തുടക്കത്തിൽ ജമ്മു കശ്മീരിൽ പൊട്ടിപ്പുറപ്പെട്ട അക്രമാസക്തമായ കലാപത്തെത്തുടർന്ന് സുരക്ഷാ സേന തങ്ങൾക്ക് ലഭിച്ച ഔദ്യോഗിക അധികാരം ദുർവിനിയോഗം ചെയ്‌തെന്നും, ഇത് സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കുന്നതിൽ 28 വർഷത്തിലേറെ കാലതാമസം ഉണ്ടായെന്നും ഇരയുടെ അഭിഭാഷകൻ തബസ്സും റസൂൽ പറഞ്ഞു.
പതിറ്റാണ്ടുകളായി ഭട്ട് കുടുംബം നീതിക്ക് വേണ്ടി പോരാടുകയാണെന്നും കോടതി കൂട്ടിച്ചേർത്തു.
1996 മെയ് 31ന് വൈകുന്നേരം ഭട്ടിനെ പൊലീസ് അദ്ദേഹത്തിന്റെ കടയിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയും ശ്രീനഗറിലെ റെയ്‌നാവാരി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. തന്റെ ഭർത്താവിനെ പൊലീസ് പീഡിപ്പിക്കുകയും പിന്നീട് കസ്റ്റഡിയിൽ വെച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്ന് ഭാര്യ ബീഗം കോടതിയിൽ പറഞ്ഞു. ഭട്ട് എവിടെയാണെന്ന് അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിലേക്ക് പോയപ്പോൾ പൊലീസ് തന്നെ ആക്രമിച്ചെന്നും ബീഗം നൽകിയ ഹരജിയിൽ പറയുന്നുണ്ട്.
ഭട്ടിൻ്റെ മൃതദേഹം അടുത്ത ദിവസം ഒരു വെള്ളച്ചാട്ടത്തിന് സമീപം നിന്ന് കണ്ടെടുത്തു. പൊലീസ് അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കുകയും കേസിൽ തെളിവുകളില്ലെന്ന് പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തു. തീവ്രവാദിയായതിനാൽ വെടിവെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ ഭാഷ്യം. വെടിവെപ്പ് നടന്നതായി പറയപ്പെടുന്ന സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും പോലീസ് അവകാശപ്പെട്ടു.
എന്നാൽ ഔദ്യോഗിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഭട്ടിന് വെടിയേറ്റിട്ടില്ലെന്നും മർദനത്തെ തുടർന്നുണ്ടായ പരിക്കാണ് മരണകാരണമെന്നും കണ്ടെത്തി. ജമ്മു കശ്മീർ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഫീൽഡ് റിപ്പോർട്ടും ഭട്ടിൻ്റെ തീവ്രവാദ പ്രവർത്തനത്തിലെ പങ്കാളിത്തം തള്ളിക്കളയുന്നു.
അതിക്രൂരമായ മർദനത്തിനിരയായി അമിതമായ രക്തസ്രാവം, ഹൃദയാഘാതം എന്നിവ മൂലമാണ് ഭട്ട് മരിച്ചതെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. തുടർന്ന് കസ്റ്റഡി മരണം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ 2006-ൽ ജമ്മു കശ്മീർ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവിട്ടു. തങ്ങളുടെ കടയിൽ നിന്നും സാധനം വാങ്ങാറുള്ള രണ്ട് പോലീസുകാരുടെ പറ്റ് തുകയായ 7500 രൂപ തിരിച്ച ചോദിച്ചതിനാണ് ഭട്ടിനെ കൊലപ്പെടുത്തിയതെന്ന് ഭാര്യ പറയുന്നു.
അബ്ദുൾ മജീദ്, അസം ഗുജാർ, റെയ്‌നാവാരി പൊലീസ് സ്റ്റേഷനിലെ അന്നത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ മിർ ഹുസൈൻ എന്നിവരാണ് പ്രധാന പ്രതികളെന്ന് കുടുംബം പിന്നീട് തിരിച്ചറിഞ്ഞു. എന്നാൽ കേസിൻ്റെ അന്വേഷണം വർഷങ്ങളോളം നീണ്ടുപോവുകയായിരുന്നു. ഭട്ടിന്റെ ഭാര്യ നൽകിയ ഹരജിയിന്മേലാണ് ഇപ്പോൾ ഹൈക്കോടതി നടപടിയുണ്ടായിരിക്കുന്നത്.
Content Highlight: Incapable, Inefficient’: 29 Years After Civilian’s Killing in J&K, HC Orders Replacement of SIT Head