| Tuesday, 9th November 2021, 3:25 pm

ഐ.എന്‍.സി എന്നാല്‍ ഐ നീഡ് കമ്മീഷന്‍ എന്നാക്കി മാറ്റണം; കോണ്‍ഗ്രസിനെ പരിഹസിച്ച് സംപിത് പത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫാല്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി വക്താവ് സംപിത് പത്ര. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നതിന് പകരം ഐ.എന്‍.സിയെ ‘ഐ നീഡ് കമ്മീഷന്‍’ എന്നാക്കിമാറ്റണമെന്നായിരുന്നു പത്ര പറഞ്ഞത്. ചൊവ്വാഴ്ച ബി.ജെ.പി ആസ്ഥാനത്ത് വെച്ച് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പത്ര കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്.

2007-2012 കാലഘട്ടത്തിലായിരുന്നു റഫാല്‍ അഴിമതിയുണ്ടായിരുന്നതെന്ന് പത്ര പറയുന്നത്. ഇത് ബി.ജെ.പിയുടെ തലയില്‍ കെട്ടിവെക്കാനായിരുന്നു എല്ലാവരും ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘2019 തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ് എപ്രകാരമായിരുന്നു റഫാലിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചത് എന്ന കാര്യം നമ്മള്‍ക്കെല്ലാവര്‍ക്കും അറിവുള്ളതല്ലേ. ഇക്കാര്യം പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എന്തങ്കിലും സാധ്യതയുണ്ടാകുമെന്നാണ് അവര്‍ കരുതിയത്,’ പത്ര പറയുന്നു.

‘ഇന്നിപ്പോള്‍ കുറച്ച് പ്രധാനപ്പെട്ട രേഖകള്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുകയാണ്. ഇത് പരിശോധിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും ആരുടെ കാലത്താണ് അഴിമതി നടന്നതെന്ന്. ഒരു ഫ്രഞ്ച് മാധ്യമം കുറച്ചു മുന്‍പെയാണ് റഫാലിനെ കുറിച്ചുള്ള സുപ്രധാനമായ തെളിവുകള്‍ പുറത്ത് വിട്ടത്. ഈ സംഭവങ്ങള്‍ മുഴുവന്‍ നടന്നിട്ടുള്ളത് 2007-2012 കാലത്തിലാണ്,’ പത്ര കൂട്ടിച്ചേര്‍ത്തു.

2019 തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പല അപവാദങ്ങളും പ്രചരിപ്പിച്ചുവെന്നും, റഫാല്‍ കേസില്‍ അഴിമതിയാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനം നടത്തിയെന്നും പത്ര പറയുന്നു.

ഫ്രഞ്ച് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനെ കണക്കുകള്‍ പ്രകാരം ഒരു ഇടനിലക്കാരന് 65 കോടിയോളം രൂപ കൈമാറിയെന്നും പത്ര പറഞ്ഞു.

അഗസ്റ്റ വെസ്റ്റലാന്‍ഡ് കേസില്‍ പല തവണ പേര് ഉയര്‍ന്നു കേട്ട എസ്.എം ഗുപ്തയ്ക്ക് ഏറ്റവും ചുരങ്ങിയത് 11 മില്യണ്‍ യൂറോ കമ്മീഷനായി നല്‍കിയിട്ടുണ്ടെന്ന് ലേഖനത്തില്‍ പറയുന്നതായും പത്ര കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പൊതുജനങ്ങളോട് മറുപടി പറയണമെന്നും പത്ര ആവശ്യപ്പെട്ടു.

ഇന്ത്യന്‍ വ്യോമസേനയ്ക്ക് റഫാല്‍ വിമാനങ്ങള്‍ ആവശ്യമായിരുന്നു, എന്നാല്‍ ഈ കരാര്‍ 10 വര്‍ഷമായി തീര്‍പ്പാക്കിയിട്ടില്ല. ചര്‍ച്ചകളിലൂടെ ഒരു നിഗമനവും ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് ഇപ്പോള്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  INC should be named ‘I need commission’: BJP’s jibe at Congress on Rafale row

We use cookies to give you the best possible experience. Learn more