Kerala News
രാമക്ഷേത്ര ഉദ്ഘാടനം; യെച്ചൂരിയുടെ ആര്‍ജ്ജവമാണ് കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്നത്; സുപ്രഭാതം എഡിറ്റോറിയല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Dec 27, 05:55 am
Wednesday, 27th December 2023, 11:25 am

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്തയിടത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതത്തില്‍ എഡിറ്റോറിയല്‍. ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് നിലപാട് തെറ്റാണെന്നും കോണ്‍ഗ്രസിന്റേത് മൃദുഹിന്ദുത്വ നിലപാടാണെന്നും സുപ്രഭാതം എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു. പള്ളിപൊളിച്ചിടത്ത് കാല് വെക്കുന്ന കോണ്‍ഗ്രസ് എന്ന തലക്കെട്ടിലാണ് സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ലിറ്റ്മസ് ടെസ്റ്റാണ് ജനുവരി 22ന് അയോധ്യയില്‍ നടക്കുന്നത് എന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ടാകണമെന്ന് സമസ്ത മുഖപത്രം പറയുന്നു. ഈ തിരിച്ചറിവ് സി.പി.ഐ.എമ്മിനും സി.പി.ഐക്കുമുണ്ടായെന്നും അതുകൊണ്ടാണ് അവര്‍ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് പറയാനുള്ള ആര്‍ജ്ജവം കാണിച്ചത് എന്നും സുപ്രഭാതം പറയുന്നു.

കോണ്‍ഗ്രസ് നിലപാട് തിരുത്തിയില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പോട് കൂടിയാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്. ‘മതവത്കരിക്കാനുള്ള ബി.ജെ.പിയുടെ കെണിയില്‍ വീഴാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രത കോണ്‍ഗ്രസ് കൈവിടരുത്. അതല്ലെങ്കില്‍ ആ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ച ലക്ഷക്കണക്കിന് ദളിതരും മത ന്യൂനപക്ഷങ്ങളും, അവര്‍ക്ക് അഭയമേകുന്ന അവരുടെ ജീവനും വിശ്വാസങ്ങളും സംരക്ഷിക്കുന്ന രാഷ്ട്രീയ ബദലുകളിലേക്ക് ചേക്കേറും,’ സുപ്രഭാതം എഡിറ്റോറിയലില്‍ പറയുന്നു.

രാമക്ഷേത്ര നിര്‍മാണത്തിന് 11 വെള്ളി ഇഷ്ടികകള്‍ നല്‍കിയ മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ നിലപാടിനെയും എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടികള്‍ക്ക് കാരണവും കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനമാണെന്നും സമസ്ത മുഖപത്രത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

അതേസമയം സുപ്രഭാതം ദിനപത്രത്തിലെ വിമര്‍ശനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ എ.ഐ.സി.സി സംഘടന കാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍  തയ്യാറായില്ല.

content highlights: Inauguration of Ram Temple; Yechury’s enthusiasm is expected from the Congress; Good morning editorial