കോഴിക്കോട്: രാമക്ഷേത്ര ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നതിനെ കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയകാര്യ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിഷയം യോഗം ചര്‍ച്ച ചെയ്‌തെന്നും വിശ്വാസത്തിനോ ആരാധനാ സ്വാതന്ത്ര്യത്തിനോ പാര്‍ട്ടി എതിരല്ലെന്നും അത്തരം കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടാറുമില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാമക്ഷേത്ര ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഒരു നിലപാട് പറയുന്നതില്‍ നിന്ന് ലീഗ് നേതാക്കള്‍ വിട്ടു നിന്നെങ്കിലും ബി.ജെ.പി. രാമക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയ വിഷയമാക്കുകയാണെന്ന് പറഞ്ഞു. മതേതര പാര്‍ട്ടികള്‍ ബി.ജെ.പിയുടെ ഈ അജണ്ട തിരിച്ചറിയണമെന്നും നേതാക്കള്‍ പറഞ്ഞു.
രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് നേതൃത്വമുണ്ടെന്നും അവര്‍ അക്കാര്യം തീരുമാനിക്കുമെന്നും പറഞ്ഞ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ മുതലപ്പെടുപ്പ് തിരിച്ചറിഞ്ഞ് വേണം ഓരോ പാര്‍ട്ടികളും നിലപാടെടുക്കേണ്ടത് എന്നും പറഞ്ഞു. ഇന്ത്യ മുന്നണിയിലെ ഓരോ പാര്‍ട്ടികളും ഈ വിഷയത്തിലെടുക്കുന്ന നിലപാടുകള്‍ക്ക് ശേഷം ഈ വിഷയത്തെ കുറിച്ച് വീണ്ടും സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഓരോ വിശ്വാസികള്‍ക്കും അവരുടെ ആരാധന കേന്ദ്രങ്ങള്‍ പ്രധാനപ്പെട്ടതാണെന്നും എന്നാല്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം കേവലം ആരാധനക്ക് തുടക്കം കുറിക്കുന്നത് മാത്രമല്ല പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ മുതലെടുപ്പിന് തുടക്കം കുറിക്കലാണെന്നും പാണക്കാട് സാദിക്കലി തങ്ങള്‍ പറഞ്ഞു. ബി.ജെ.പിയുടെ ഈ രാഷ്ട്രീയ അജണ്ടയോട് യോജിക്കാനാകില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ലീഗ് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
അതേസമയം രാമക്ഷേത്ര ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമോ ഇല്ലയോ എന്ന കൃത്യമായ ഒരു നിലപാട് പറയാന്‍ ഇതുവരെയും കോണ്‍ഗ്രസ് നേതൃത്വത്തിനായിട്ടില്ല. കേരളമുള്‍പ്പടെയുള്ള വിവിധ സംസ്ഥാന നേതൃത്വങ്ങള്‍ പങ്കെടുക്കരുതെന്ന് നിലപാടെടുക്കുമ്പോഴും രാമക്ഷേത്ര ഉദ്ഘാടനത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നത് തിരിച്ചടിയാകുമെന്ന നിലപാടിലാണ് ചില ഉത്തരേന്ത്യന്‍ സംസ്ഥാന നേതൃത്വം.
content highlights: Inauguration of Ram Temple; With the League faithful, no comment on the Congress: League leaders