രാമക്ഷേത്ര ഉദ്ഘാടനം; കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി ഉത്തരേന്ത്യയില്‍ സര്‍വീസ് നടത്താന്‍ നീക്കം
Kerala News
രാമക്ഷേത്ര ഉദ്ഘാടനം; കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി ഉത്തരേന്ത്യയില്‍ സര്‍വീസ് നടത്താന്‍ നീക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th December 2023, 11:37 am

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ എത്തിക്കാനായി കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കുമെന്ന് റിപ്പോര്‍ട്ട്.

ജനുവരി 16 മുതല്‍ തുരന്തോ എക്‌സ്പ്രസ്, കേരള എക്‌സ്പ്രസ്, കൊച്ചുവേളി-അമൃത്സര്‍ തുടങ്ങി കേരളത്തിലേക്കുള്ള 16 സര്‍വീസുകള്‍ റദ്ദാക്കുമെന്ന് കാണിച്ച് പാലക്കാട് റെയില്‍വെ ഡിവിഷന് അറിയിപ്പ് ലഭിച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

മധുര യാര്‍ഡിന്റെ അറ്റകുറ്റപണികള്‍ കാരണമാണ് ട്രെയിനുകള്‍ റദ്ദാക്കുന്നത് എന്നാണ് അറിയിപ്പില്‍ ഔദ്യോഗികമായി പറഞ്ഞിരിക്കുന്നതെങ്കിലും, പ്രതിഷേധം ഉയരാതിരിക്കാനാണ് ഈ കാരണം പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. ഉദ്ഘാടനത്തിലേക്ക് വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആളുകളെ സൗജന്യമായി എത്തിക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. ഇതിന് വേണ്ടിയാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന എട്ട് തീവണ്ടികളുടെ 16 സര്‍വീസുകള്‍ റദ്ദാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.

രാമക്ഷേത്ര ഉദ്ഘാടനത്തിന് സൗജന്യമായി ആളുകളെ എത്തിക്കാനായി കേരളത്തിലേക്കുള്ള ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നത് കേരളത്തിലേക്കുള്ള യാത്രക്കാരുടെയും കേരളത്തിനകത്തെ ട്രെയിന്‍ യാത്രക്കാരുടെയും യാത്രാദുരിതം കൂടുതല്‍ രൂക്ഷമാകും. നിലവില്‍ കേരളത്തിലെ റെയില്‍ ഗതാഗതം വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ജനറല്‍ കംപാര്‍ട്‌മെന്റുകള്‍ വെട്ടിക്കുറച്ചതിനാലും വന്ദേഭാരതിന് വേണ്ടി തീവണ്ടികള്‍ പിടിച്ചിടുന്നതും ഇപ്പോള്‍ തന്നെ റെയില്‍വെ ഗതാഗതത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കെയാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്ന തരത്തില്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് വേണ്ടി ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്.

CONTENT HIGHLIGHTS: Inauguration of Ram Temple; Trains to Kerala canceled and move to operate in North India