| Wednesday, 24th May 2023, 1:06 pm

പാര്‍ലമെന്റ് ഉദ്ഘാടനം: ഒറ്റക്കെട്ടായി ബഹിഷ്‌കരിച്ച് 19 പ്രതിപക്ഷ പാര്‍ട്ടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മെയ് 28ന് നടക്കാന്‍ പോകുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് അടക്കമുള്ള 19 പാര്‍ട്ടികളാണ് ചടങ്ങ്  ബഹിഷ്‌കരിക്കുമെന്ന് അറിയിച്ച് സംയുക്ത പ്രസ്താവനയിറക്കിയത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, ജനതാദള്‍ (യുണൈറ്റഡ്), ആം ആദ്മി പാര്‍ട്ടി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ശിവസേന (യു.ബി.ടി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരള കോണ്‍ഗ്രസ് (മാണി), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, വിടുതലൈ ചിരുതൈകള്‍ കച്ചി, എം.ഡി.എം.കെ, രാഷ്ട്രീയ ലോക്ദള്‍ എന്നീ പാര്‍ട്ടികളാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പങ്കെടുപ്പിക്കാതെയുള്ള ഉദ്ഘാടന ചടങ്ങ് ജനാധിപത്യത്തിന് നേരെയുള്ള നേരിട്ടുള്ള അതിക്രമമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

‘രാഷ്ട്രപതി രാഷ്ട്രത്തലവന്‍ മാത്രമല്ല, പാര്‍ലമെന്റിന്റെ അഭിവാജ്യ ഘടകമാണ്. പ്രധാനമന്ത്രിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ ഇതാദ്യമായല്ല. രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നത് കൊണ്ട് പാര്‍ലമെന്റിലെ പ്രതിപക്ഷ അംഗങ്ങളെ അയോഗ്യരാക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുന്നു.

ജനാധിപത്യത്തിന്റെ ആത്മാവ് പാര്‍ലമെന്റിന് പുറത്തായത് കൊണ്ട് തന്നെ ഞങ്ങള്‍ പുതിയ മന്ദിരത്തിന് മൂല്യമുണ്ടെന്ന് കണക്കാക്കുന്നില്ല,’ പ്രസ്താവനയില്‍ പറയുന്നു

നേരത്തെ തന്നെ വി.ഡി. സവര്‍ക്കറുടെ ജന്മ ദിനത്തിന്റെ അന്ന് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുന്നതുമായി ബന്ധപ്പെട്ടും പ്രതിഷേധം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസും സി.പി.ഐയും ആം ആദ്മിയും പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് 19 പാര്‍ട്ടികള്‍ ചേര്‍ന്ന് ബഹിഷ്‌കരിക്കുന്നുവെന്ന നിലപാടെടുത്തിട്ടുള്ളത്.

content highlight: Inauguration of Parliament: 19 opposition parties unitedly boycott

We use cookies to give you the best possible experience. Learn more