| Saturday, 21st December 2024, 12:55 pm

ഭാഗവത സത്രം; സംഘപരിവാര്‍ പരിപാടിയുടെ ഉദ്ഘാടകൻ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംഘപരിവാര്‍ സംഘടനയായ കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ഭാഗവത സത്രം ഉദ്ഘാടനം നിർവഹിക്കുന്നത് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഡിസംബര്‍ 29ന് എറണാകുളം ജില്ലയിലെ തിരുവാങ്കുളം മുരിയമംഗലം ക്ഷേത്രത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിലാണ് ജഡ്ജി പങ്കെടുക്കുന്നത്.

ക്ഷേത്രത്തിന് സമീപത്തായി പരിപാടിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന പോസ്റ്ററുകളും ഫ്‌ളക്‌സുകളും സ്ഥാപിച്ചിട്ടുണ്ട്. ഡിസംബര്‍ 29ന് തുടങ്ങുന്ന പരിപാടി ജനുവരി ഏഴ് വരെ തുടരും. മുരിയമംഗലം ശ്രീ നരസിംഹ സ്വാമി ശ്രീ ധര്‍മശാസ്ത്ര ക്ഷേത്രത്തിലാണ് പരിപാടി.

ബഹ്‌മശ്രീ മള്ളിയൂര്‍ പരമേശ്വര്‍ നമ്പൂതിരിപ്പാടാണ് പരിപാടിയുടെ മുഖ്യാഥിതി. പരിപാടിയുടെ പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

സംഘപരിവാര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ജഡ്ജിക്കെതിരെ രൂക്ഷവിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

ദേവന്‍ രാമചന്ദ്രന്റെ മതദൈവ വിശ്വാസം പൊതുസമൂഹത്തിന് ഒരു വിഷയമല്ലെന്നും എന്നാല്‍ സംഘപരിവാര്‍ നിയന്ത്രിത സംഘടനകള്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നത് അദ്ദേഹത്തിന്റെ സ്വകാര്യതയല്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.

പ്രീതിയോ പക്ഷപാതമോ ഇല്ലാതെ രാജ്യത്തെ നിയമം ഉയര്‍ത്തിപ്പിടിച്ച് ജുഡീഷ്യല്‍ അധികാരങ്ങള്‍ നിറവേറ്റുമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നവരാണ് ജഡ്ജിമാരെന്ന് പി.കെ. സുരേഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അനുമതി വാങ്ങിയതിന് ശേഷമാണോ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സംഘപരിവാര്‍ അനുകൂലികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതെന്നും ചോദ്യമുയരുന്നുണ്ട്.

റിട്ടയര്‍ ചെയ്ത് താമസിയാതെ രാജ്യസഭാ മെമ്പറായ മുന്‍ സുപ്രീം കോടതി ജഡ്ജിയും കൂട്ടരുമാവും ദേവന്‍ രാമചന്ദ്രന്റെ മാതൃകയെന്നും സോഷ്യല്‍ മീഡിയ പറയുന്നു. വിരമിച്ച് കഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ നല്ലൊരു പോസ്റ്റ് ഒപ്പിക്കണം അതിനുള്ള പണിയാണിതെന്നും പ്രതികരണമുണ്ട്.

ഇന്‍ ജസ്റ്റീസായ ദേവന്‍ രാമചന്ദ്രനെ ജനാധിപത്യ വിശ്വാസികള്‍ കാണണമെന്നും നിയമ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന വെറും സംഘിയാണ് അദ്ദേഹമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

Content Highlight: Inauguration of Bhagavata Satram; Justice Devan Ramachandran at Sangh Parivar event

We use cookies to give you the best possible experience. Learn more