എടപ്പാള്‍: കോഴിക്കോട്-തൃശൂര്‍ പാതയിലെ എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാവുന്നു.
എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് ഫാത്തിമ തെഹ്‌ലിയയും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉദ്ഘാടനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഉദ്ഘാടനത്തിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് തെഹ്‌ലിയ ഫേസ്ബുക്കിലൂടെ പ്രതിഷേധമറിയിച്ചത്.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് പറഞ്ഞ് സമസ്ത യുവജന വിഭാഗം നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ പൊലീസ് കേസെടുത്ത സംഭവത്തെ ചൂണ്ടിക്കാണിച്ചാണ് തെഹ്‌ലിയ പാലം ഉദ്ഘാടനത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
”സര്‍ക്കാരിനെതിരെ സംസാരിച്ചത് കൊണ്ടാണ് അബ്ദുസമദ് പൂക്കോട്ടൂര്‍ സാഹിബിനെതിരെ കേസെടുത്തത് എന്ന് പറയാനുള്ള സത്യസന്ധത പൊലീസ് കാണിക്കണം,” ഫോട്ടോക്കൊപ്പം തെഹ്‌ലിയ കുറിച്ചു.
പോസ്റ്റിന് താഴെ നിരവധി പേരാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള പരിപാടിയെയും ഇതില്‍ കേസെടുക്കാത്ത പൊലീസിനെയും വിമര്‍ശിച്ച് കമന്റ് ചെയ്യുന്നത്.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെതിരെ മലപ്പുറം പൂക്കിപറമ്പില്‍ സമ്മേളനം സംഘടിപ്പിച്ച സമസ്ത യുവജന വിഭാഗം നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുയോഗം സംഘടിപ്പിച്ചു എന്ന് പറഞ്ഞായിരുന്നു തിരൂരങ്ങാടി പൊലീസ് കേസെടുത്തത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഇരുന്നൂറോളം പേരെ പങ്കെടുപ്പിച്ച് പൊതു ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തില്‍ സമ്മേളനം നടത്തിയെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്.
ഇത് ചൂണ്ടിക്കാണിച്ചായിരുന്നു ഫാത്തിമ തെഹ്‌ലിയയുടെ പോസ്റ്റ്.
കായിക മന്ത്രി വി. അബ്ദുറഹ്മാന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., എം.എല്‍.എമാരായ കെ.ടി. ജലീല്‍, പി. നന്ദകുമാര്‍, പ്രൊഫസര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍, ആര്‍.ബി.ഡി.സി.കെ എം.ഡി. എസ്. സുഹാസ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ സിംഗ് തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
നേരത്തെ പാലത്തിന്റെ ഉദ്ഘാടനത്തിന് പിന്തുണയുമായി ‘എടപ്പാള്‍ ഓട്ടം’ ട്രോളുകളിലൂടെ മന്ത്രിമാരും മറ്റ് സി.പി.എം നേതാക്കളും രംഗത്തെത്തിയിരുന്നു. മന്ത്രി വി.ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ കെ.കെ. ഷൈലജ, എം.എം. മണി എന്നിവരായിരുന്നു ഉദ്ഘാടനവിവരം അറിയിച്ച് ട്രോളുകള്‍ പങ്കുവെച്ചത്.
14 കോടി രൂപ ചെലവിട്ടാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. എടപ്പാളില്‍ ഏറെക്കാലമായുള്ള ഗതാഗതക്കുരുക്കിന് പാലം പരിഹാരമാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.