തിരുവനന്തപുരം: മഹാത്മാഗാന്ധിയെക്കാള്‍ വലിയ ഹീറോയാണ് അയ്യങ്കാളിയെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതിറോയ്. കേരള സര്‍വ്വകലാശാലയുടെ ചരിത്ര വിഭാഗത്തിന്റെ കീഴിലുള്ള അയ്യങ്കാളി ചെയര്‍ സംഘടിപ്പിച്ച അന്താരാഷ്ട്രാ ത്രിദിന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നമ്മുടെ നേതാക്കളെ കുറിച്ച് നാം പുനരാലോചിക്കണമെന്നും മഹാത്മാഗാന്ധിയേക്കാള്‍ ഇന്ത്യക്കാവശ്യം അയ്യാങ്കാളിയെപ്പോലെയുള്ള നേതാക്കളെയാണെന്നും അവര്‍ തുറന്നടിച്ചു. ചരിത്രത്തില്‍ കൂടുതലും നിറഞ്ഞു നില്‍ക്കുന്നത് നുണക്കഥകള്‍കൊണ്ട് പെരുപ്പിച്ചു കാണിക്കപ്പെട്ട നേതാക്കളാണ്. അവിടെയാണ് അയ്യങ്കാളിയെപ്പോലുള്ളവര്‍ ആവശ്യമായി വരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മഹാത്മാഗാന്ധിയെകുറിച്ച് നമ്മളിന്ന് പഠിക്കുന്നതൊക്കെ കളവുകളാണ്. അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായിരുന്ന കാലത്താണ് അയ്യങ്കാളി കേരളത്തില്‍ ദളിതുകള്‍ക്ക് വിദ്യാഭ്യാസം കിട്ടുന്നതിനായി പോരാടിയത്. എന്നാല്‍ ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയഗാന്ധിക്ക് മഹാത്മാ എന്ന പദവി; അരുന്ധതി ഗാന്ധിയെ നിശിതമായി വിമര്‍ശിച്ചു.
കിണറുകളില്‍ നിന്നും മറ്റും വെള്ളമെടുക്കാന്‍ ദലിതന്‍ നടത്തയ മഹത് സമരം വിസ്മരിക്കപ്പെട്ടു. എന്നാല്‍ ഉപ്പിന് ചുമത്തിയ നികുതി ഒഴിവാക്കാനായി നടത്തിയ ദണ്ഡിയാത്ര വാഴ്ത്തപ്പെട്ടു. മഹത് സമരത്തെ കുറിച്ച് അത്യാഗ്രഹം എന്ന് വരെ വിശേഷിപ്പിക്കപ്പെട്ടുവെന്നും അരുന്ധതി റോയ് ചുണ്ടിക്കാട്ടി.
ജാതിക്കനുകൂലമായ ഗാന്ധിയുടെ സമീപനത്തെയും അരുന്ധതി ചോദ്യം ചെയ്തു. ഗാന്ധി ജാതിക്കെതിരായിരുന്നില്ല എന്നും ദക്ഷിണാഫ്രിക്കയില്‍ ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹമെഴുതിയ കുറിപ്പുകളില്‍ പോലും അതിന്റെ ചായ്‌വുകള്‍ കാണാനാവുമെന്നും അരുന്ധതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ അദ്ദേഹം ജാതീയതയുടെ പ്രചാരകനായിരുന്നെന്നും അരുന്ധതി റോയ് വിമര്‍ശിച്ചു.
ഗാന്ധി 1936ലെഴുതിയ മൈ ഐഡിയല്‍ ഭാംഗി എന്ന ലേഖനത്തില്‍ ദളിതുകളെയും കറുത്തവര്‍ഗക്കാരേയും വിലകുറച്ച് കാണുന്ന സമീപനമാണ് കാണാനാവുന്നതെന്ന് ചൂണ്ടിക്കാട്ടിയശേഷമാണ് മഹാത്മാവ് എന്ന് വിളിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ അയ്യങ്കാളിയാണ് എന്ന് അവര്‍ വ്യക്തമാക്കിയത്. വിദേശശക്തികളോടും സ്വദേശത്ത് നടക്കുന്ന സാമൂഹ്യ അനീതികളോടും ഒരുപോലെ പോരാടിയ വ്യക്തിത്വമാണ് അയ്യങ്കാളിയെന്നും അരുന്ധതി റോയി സൂചിപ്പിച്ചു.
ദളിതരോടുള്ള സമീപനത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദമോദിയോട് ഗാന്ധിയെ തുല്യപ്പെടുത്തുകയായിരുന്നു അരുന്ധതി റോയ്. ദളിത് വിഷയത്തില്‍ രണ്ടുപേരും ഒരുപോലെയാണെന്നും ദളിതരെ വാനോളം പുകഴ്ത്തുന്നുണ്ടെങ്കിലും അവരുടെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടവണമെന്ന് മോദിയും ആഗ്രഹിക്കുന്നില്ലെന്നാണ് അരുന്ധതി പറഞ്ഞത്. ഗുജറാത്ത് മോഡലിനെ പുകഴ്ത്തുന്നവര്‍ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെയ്ക്കുന്നവരാണെന്നും വഷാളായ സാമൂഹ്യാവസ്ഥയെയും കടുത്ത ജാതീയതയെയും അവര്‍ക്ക് കാണാനാവുന്നില്ലെന്നും അരുന്ധതി കുറ്റപ്പെടുത്തി. കൊട്ടിഘോഷിക്കപ്പെടുന്ന വികസനങ്ങളല്ല നമുക്കാവശ്യമെന്നും ജനസംഖ്യയില്‍ 2.7 ശതമാനം വരുന്ന കോര്‍പ്പറേറ്റുകളാണ് രാജ്യത്തിന്റെ സാമ്പത്തികം നിയന്ത്രിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്നവര്‍ ആദിവാസികളും ദളിതരും സിക്കുകളും മുസ്‌ലീങ്ങളുമാണെന്നും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും അവര്‍ പറഞ്ഞു.
“അയ്യങ്കാളി സര്‍വ്വകലാശാല”
കേരളം ഒരു മാറ്റത്തിന് തുടക്കമിടേണ്ടതുണ്ട്. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ പേര് അയ്യങ്കാളി സര്‍വ്വകലാശാല എന്നാക്കി മാറ്റാന്‍ തയ്യാറാവണം എന്നും പ്രഭാഷണത്തില്‍ അരുന്ധതി റോയ് ആവശ്യപ്പെട്ടു.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരുള്ള കേരളത്തില്‍ എങ്ങനെയാണ് അയ്യങ്കാളിയെപ്പോലെയുള്ളവര്‍ വിസ്മരിക്കപ്പെടുന്നതെന്ന് മുഖ്യ പ്രഭാഷകനായ കാഞ്ചാ ഇലയ്യ ചോദിച്ചു. കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകളും ഭരിച്ച ഒരു നാട്ടില്‍ സാമൂഹ്യമായ അസ്പൃശ്യതകാരണമാണ് അയ്യങ്കാളി തിരസ്‌കരിക്കപ്പെട്ടെതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ ഹിന്ദുയിസ്റ്റുകള്‍ അദ്ദേഹത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല. ഹിന്ദുയിസം അവസാനിക്കാതെ ജാതീയത അവസാനിക്കുമെന്ന് കരുതണ്ട എന്നും കാഞ്ച ഇലയ്യ വ്യക്തമാക്കി.
[]ഇന്ന് ആരംഭിച്ച സെമിനാര്‍ 19ാം തീയ്യതി അവസാനിക്കും. “Reimaging Struggles at the Margins: A History of the Unconquered and Oppressed” എന്നാണ് ത്രിദിനസെമിനാറിലെ വിഷയം. സെമിനാര്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ. പി.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. ചരിത്രവിഭാഗം തലവന്‍ ഡോ. സുരേഷ് ജ്ഞാനേശ്വര്‍, ജെ. സുധാകരന്‍, ഡോ. ജെ. പ്രഭാഷ്, മുതലായവര്‍ പ്രസംഗിച്ചു.
ഫോട്ടോ കടപ്പാട്: ഡി.എച്ച്.ആര്‍.എം എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍