മുംബൈ: വീട്ടുജോലിക്കാരെ കൊറോണ വാഹകരായി ചിത്രീകരിച്ച പരസ്യത്തിലൂടെ വിവാദത്തിലായ ആട്ടയുടെയും ബ്രഡ് മേക്കറിന്റെയും കമ്പനിയായ കെന്റ്.ആർ.ഒ സിസ്റ്റത്തിനെതിരെ വിമർശനവുമായി കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായ ഹേമമാലിനി. പരസ്യം തികച്ചും അനുചിതമാണെന്നും തന്റെ മൂല്യങ്ങളുമായി ചേർന്നു നിൽക്കുന്നതല്ലെന്നും ബി.ജെ.പി നിയമസഭാംഗവും ബോളിവുഡ് നടിയും കൂടിയായ അവർ പറഞ്ഞു. ഞാൻ ഈ രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കുമൊപ്പം നിൽക്കുന്നയാളാണെന്നും അവർ കൂട്ടിച്ചേർത്തു.
കമ്പനിയുടെ ചെയർമാൻ നേരത്തെ തന്നെ വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ഹേമ മാലിനി പറഞ്ഞു. ഹേമമാലിനിയേയും മകൾ ഇഷ ഡിയോളിനേയും ഫീച്ചർ ചെയ്യുന്ന പരസ്യത്തിൽ വീട്ടു ജോലിക്കാരെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത് എന്ന് വ്യാപകമായി വിമർശനം ഉയർന്നിരുന്നു.
“നിങ്ങൾ വീട്ടുജോലിക്കാരെ കൈകൊണ്ട് ആട്ട കുഴയ്ക്കാൻ അനുവദിക്കുന്നുണ്ടോ? അവരുടെ കൈകൾ ചിലപ്പോൾ അണുബാധയുള്ളതാകാം”. എന്ന് പരസ്യത്തിൽ പറയുന്നുണ്ട്.
പരസ്യം ജാതീയമായ വിവേചനങ്ങൾ ഉൾക്കൊള്ളുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയയിൽ നിരവധിപേർ വിമർശനം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. വീട്ടുജോലിക്കാരിയുടെ കൈ മാത്രമേ അശുദ്ധമാകൂ എന്നാണോ കമ്പനി ഉദ്ദേശിക്കുന്നത് എന്ന് ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി.
പരസ്യത്തിനെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ കമ്പനി പരസ്യം പിൻവലിച്ച് മാപ്പ് ചോദിച്ചിരുന്നു. കെന്റ് ആട്ടയുടെയും ബ്രെഡ് മേക്കറിന്റെയും പരസ്യം അത്തരത്തിൽ ചിത്രീകരിച്ചതിന് ഞങ്ങളുടെ ക്ഷമ സ്വീകരിക്കുക. ഇത് മനപൂർവ്വം സംഭവിച്ചതല്ലെന്നും പരസ്യം പിൻവലിച്ചുവെന്നുമായിരുന്നു കമ്പനി ചെയർമാൻ മഹേഷ് ഗുപ്ത ട്വിറ്ററിൽ കുറിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക