ആഫ്രിക്കയിൽ തോറ്റു; കലിപ്പ് തീർത്തത് ബാഴ്‌സയുടെ നെഞ്ചത്ത്
Football
ആഫ്രിക്കയിൽ തോറ്റു; കലിപ്പ് തീർത്തത് ബാഴ്‌സയുടെ നെഞ്ചത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th January 2024, 5:23 pm

കോപ്പ ഡെല്‍റേയില്‍ നിന്നും ബാഴ്‌സലോണ പുറത്ത്. അത്ലറ്റിക് ക്ലബ്ബ് രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്‌സലോണയെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ അത്‌ലറ്റിക് ക്ലബ്ബിന് വേണ്ടി ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് ഇനാക്കി വില്യംസ് നടത്തിയത്. മത്സരത്തില്‍ വില്യംസ് കളത്തിലിറങ്ങിയ സാഹചര്യമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്.

ആഫ്രിക്കന്‍ കപ്പില്‍ ഖാനക്കായി ബൂട്ട് കെട്ടിയ താരം 12 മണിക്കൂര്‍ യാത്ര ചെയ്താണ് ബാഴ്സക്കെതിരെ പന്ത് തട്ടാന്‍ അത്‌ലെറ്റികോ ക്ലബ്ബ് ടീമിനൊപ്പം ചേര്‍ന്നത്.

ആഫ്രിക്ക നേഷന്‍സ് കപ്പില്‍ ജനുവരി 23ന് നടന്ന ഖാന-മൊസാബിക്വു മത്സരത്തില്‍ ആയിരുന്നു വില്യംസ് കളിച്ചത്. മത്സരത്തില്‍ ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

സമനിലയോടെ ഖാന അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ സാധിക്കാതെ പുറത്താവുകയും ചെയ്തിരുന്നു. മൂന്നു മത്സരങ്ങളില്‍ നിന്നും രണ്ട് സമനിലയും ഒരു തോല്‍വിയും അടക്കം രണ്ടു പോയിന്റ് മാത്രമായി മൂന്നാം സ്ഥാനത്താണ് ഖാന ഫിനിഷ് ചെയ്തത്.

ഇതിനു പിന്നാലെയാണ് താരം കോപ്പ ഡെല്‍റേയില്‍ കളിക്കാന്‍ തന്റെ ക്ലബ്ബിനൊപ്പം ചേര്‍ന്നത്. താരത്തിന്റെ വരവിന് കൃത്യമായ ഫലം ഉണ്ടാക്കാനും വില്യംസണിന് സാധിച്ചു.

അതേസമയം അത്ലെറ്റിക് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ സാന്‍ മെയ്മസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയുമാണ് ബാഴ്‌സ പിന്തുടര്‍ന്നത്.

മത്സരം തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ഗോര്‍ക്ക ഗുരുസെറ്റ്കയിലൂടെ ആതിഥേയര്‍ മുന്നിലെത്തി. എന്നാല്‍ 26ാം മിനിട്ടില്‍ പോളിഷ് സൂപ്പര്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കിയിലൂടെ ബാഴ്‌സ മറുപടി ഗോള്‍ നേടി. 32ാം മിനിട്ടില്‍ ലാമിനെ യമാലിലൂടെ സന്ദര്‍ശകര്‍ വീണ്ടും മുന്നിലെത്തി. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ 2-1ന് ബാഴ്‌സ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ 49ാം മിനിട്ടില്‍ ഒഥാന്‍ സാന്‍സെറ്റ് വീണ്ടും അത്ലെറ്റിക് ക്ലബ്ബിനെ മത്സരത്തില്‍ ഒപ്പം എത്തിച്ചു. നിശ്ചിത സമയത്തില്‍ ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

ഒടുവില്‍ എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ ആതിഥേയര്‍ രണ്ട് ഗോളുകള്‍ നേടി മത്സരം സ്വന്തമാക്കുകയായിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇനാക്കി വില്യംസും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ നിക്കോ വില്യംസും ഗോളുകള്‍ നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Inaki Williams travelled 12 hours to join the Athletic Club squad after elimination from AFCON.