പാറ്റ്‌ന: റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ച് വിദ്യാര്‍ഥികള്‍ ബീഹാറില്‍ റോഡ് ഉപരോധിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയിലും സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലും പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചത്.
ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥി സംഘടനകള്‍ ബീഹാര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. റെയില്‍വേ റിക്രൂട്ട്‌മെന്റ് പരീക്ഷ രണ്ട് ഘട്ടമായി നടത്താന്‍ റെയില്‍വേ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതിഷേധങ്ങളുണ്ടായത്. രണ്ടാം ഘട്ട പരീക്ഷകള്‍ നടത്തുന്നത്, ആദ്യ ഘട്ടത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികളോടുള്ള അനീതിയാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
സര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷനില്‍ ഒരു പരീക്ഷയെ കുറിച്ച് മാത്രമാണ് പറയുന്നതെന്നും, സര്‍ക്കാര്‍ തങ്ങളുടെ ഭാവി ഉപയോഗിച്ചാണ് ഇപ്പോള്‍ കളിക്കുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
ഇതില്‍ പ്രതിഷേധിച്ച് റിപബ്ലിക് ദിനത്തില്‍ ബീഹാറിലെ വിദ്യാര്‍ത്ഥികള്‍ ട്രെയിനിന് തീയിട്ടിരുന്നു. പ്രതിഷേധക്കാര്‍ ഒരു പാസഞ്ചര്‍ ട്രെയിന് തീ വെക്കുകയും മറ്റൊരു തീവണ്ടിക്ക് നേരെ കല്ലേറുണ്ടാവുകയും ചെയ്തിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗയയില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ തീയിട്ട ട്രെയിനിന്റെ ബോഗിയില്‍ തീ പടര്‍ന്നുന്നതും അഗ്‌നിശമനാ ഉദ്യോഗസ്ഥര്‍ തീയണക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
പരീക്ഷയിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ റെയില്‍വേ മന്ത്രാലയം സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിഷയം മാറ്റിവയ്ക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും എ.ഐ.എസ്.എ ജനറല്‍ സെക്രട്ടറിയും എം.എല്‍.എയുമായ സന്ദീപ് സൗരവ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കിയതായും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഖാനിനെപ്പോലുള്ള അധ്യാപകര്‍ക്കെതിരെയുള്ള പൊലീസ് കേസുകള്‍ ബീഹാറിലെ പ്രക്ഷോഭങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ കൂടുതല്‍ പ്രകോപിപ്പിക്കും. തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കാനും അതിന് പരിഹാരവുമായി സര്‍ക്കാര്‍ രംഗത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,’ മാഞ്ചി പറഞ്ഞു.
റെയില്‍വേ റിക്രൂട്ട്‌മെന്റ് ആദ്യ പരീക്ഷ പാസായവരുടെ മേല്‍ റെയില്‍വേ മന്ത്രാലയം അധിക പരീക്ഷാ ഭാരം ചുമത്തിയതായി പാറ്റ്‌നയിലെ അധ്യാപകനായ ഖാന്‍ അടുത്തിടെ ആരോപിച്ചിരുന്നു. ഇതിന് ശേഷം വിദ്യാര്‍ഥികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിനും പാറ്റ്‌നയിലെ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ മറ്റ് 15 അധ്യാപകര്‍ക്കും എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാല്‍ രണ്ടാം ഘട്ട പരീക്ഷയെ കുറിച്ച് നോട്ടിഫിക്കേഷനില്‍ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ടെന്നാണ് റെയില്‍വേ മന്ത്രാലയം പറയുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുകയും കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.
പ്രതിഷേധങ്ങളെത്തുടര്‍ന്ന് നടത്തിയ പരീക്ഷ റദ്ദാക്കിയെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു.
Content Highlights: Inaccuracies in railway examinations; Students block the road